തിരുനെൽവേലി: തേങ്ങ ചിരകുന്നതിനിടെ യുവതി ഷോക്കേറ്റു മരിച്ചു. മാടത്തിയെന്ന സ്ത്രീയാണ് ഷോക്കേറ്റ് മരിച്ചത്. 35 വയസായിരുന്നു. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. മാരിമുത്തു എന്ന ചെറുകിട ഹോട്ടൽ ഉടമയാണ് 35കാരിയുടെ ഭർത്താവ്. ദോശയ്ക്ക് ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെയായിരുന്നു അപകടം. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ.
ഞായറാഴ്ച രാത്രി ഇവർ നടത്തുന്ന ഹോട്ടലിൽ അടുത്ത ദിവസത്തേക്ക് ചമ്മന്തി തയ്യാറാക്കാനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചിരവ ഉപയോഗിച്ച 35കാരിക്ക് ഷോക്കേൽക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചതായാണ് വിവരം. യുവതിയുടെ മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ 35കാരിയുടെ ഭർത്താവിന്റെ പരാതിയിൽ കളക്കാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
CONTENT HIGHLIGHT: coconut scraping machine accident