Kerala

ഉജ്ജ്വല ബാല്യവും കടന്ന് കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്; മലയാളം കഥാരചന, കവിതാരചന മത്സരങ്ങളില്‍ എ ഗ്രേഡ്

കേരള സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവും ചെറുപ്രായത്തിലേ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തങ്ങളും എഴുതി ശ്രദ്ധേയയുമായ കാസര്‍ഗോഡുകാരി സിനാഷ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ രചനാ മത്സരങ്ങളിലും നേട്ടം കൊയ്യുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യമായാണ് കാസര്‍ഗോഡ് കാഞ്ഞങ്ങോട് ബല്ല ഈസ്‌റ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സിനാഷ മത്സരിക്കുന്നത്. ഇന്നലെ നടന്ന മലയാളം കഥാരചന, കവിതാരചന മത്സരങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. രചനാ മത്സരങ്ങള്‍ നടക്കുന്ന കടലുണ്ടിപ്പുഴ വേദിയില്‍ ഇന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇംഗ്ലീഷ് കഥാരചന വിഭാഗത്തിലും മത്സരിച്ചിട്ടുണ്ട്.

കലോത്സവ വേദിയില്‍ ആദ്യമായിട്ടാണെങ്കില്ലും ചെറുപ്രായത്തില്‍ തന്നെ നിരവധി പുസ്തകങ്ങള്‍ രചിക്കുകയും, പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുമുണ്ട് സിനാഷ. ഇംഗ്ലീഷില്‍ ദി മിസ്റ്റീരിയസ് ഫോറസ്റ്റ്, സോങ് ഓഫ് ദി റിവര്‍, എ ഗേള്‍ ആന്‍ഡ് ദി ടൈഗേഴ്‌സ് എന്നിവയാണ് സിനാഷയുടെ കൃതികള്‍. പൂവണിയുന്ന ഇലച്ചാര്‍ത്തുകള്‍,കടലിന്റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും, ചെമ്പനീര്‍പ്പൂക്കള്‍, കാടും കനവും, പച്ച നിറമുള്ളവള്‍ എന്നിവയാണ് മലയാളത്തില്‍ എഴുതിയ പ്രധാന കൃതികള്‍. 2020ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ സിനാഷ കോമണ്‍ വെല്‍ത്ത് സൊസൈറ്റി പുരസ്‌കാരം 2021, എന്‍ എന്‍ കക്കാട് പുരസ്‌കാരം ,മാധ്യമ കഥ പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ സ്മാരക കവിത പുരസ്‌കാരം 2022 എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്. ചെറുപ്പത്തിലെ തന്നെ എഴുത്തിനോടുള്ള ഇഷ്ടവും, അഭിരുചിയുമാണ് തന്നെ കലോത്സവ വേദിയില്‍ എത്തിച്ചതെന്നും മാതാപിതാക്കള്‍ തന്നെയാണ് തന്റെ ഏറ്റവും വലിയ പ്രചോദനം എന്നും സിനാഷ പറയുന്നു.