ബെംഗളുരു: ഒരു വീട്ടിലെ നാല് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാംഗ്ലൂരു ആർഎംവി സെക്കൻഡ് സ്റ്റേജിലെ വാടക വീട്ടിലാണ് സംഭവം. ദമ്പതികളേയും രണ്ട് കുട്ടികളേയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അനൂപ് കുമാർ (38), ഭാര്യ രാഖി (35) എന്നിവരെയും ഇവരുടെ 5 വയസുള്ള മകനും 2 വയസുള്ള മകളുമാണ് മരണപ്പെട്ടത്. കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കുഞ്ഞുങ്ങൾ വിഷം അകത്ത് ചെന്ന് മരിച്ച നിലയിലായിരുന്നു. അനൂപിനെയും ഭാര്യയെയും വീട്ടിലെ മുറികളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുപിയിലെ പ്രയാഗ് രാജ് സ്വദേശിയായ അനൂപും ഭാര്യയും കഴിഞ്ഞ എട്ട് വർഷമായി ബെംഗളുരുവിലെ ആർഎംവി സെക്കന്‍റ് സ്റ്റേജിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന മൂത്ത കുട്ടി അനുപ്രിയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അനൂപിനും രാഖിയ്ക്കും കടുത്ത മാനസികസമ്മർദ്ദമുണ്ടായിരുന്നെന്ന് വീട്ടുജോലിക്കാരി പൊലീസിന് മൊഴി നൽകി. എന്നാൽ വരുന്നയാഴ്ച പോണ്ടിച്ചേരിക്ക് യാത്ര പോകുമെന്ന് തന്നോട് ഇവർ പറഞ്ഞിരുന്നെന്നും വീട്ടുജോലിക്കാരി പൊലീസിനോട് പറഞ്ഞു. വീട് പരിശോധിച്ച പൊലീസ് യാത്രയ്ക്കായി ബാഗുകൾ അടക്കം ഇവർ തയ്യാറാക്കി വച്ചിരുന്നത് കണ്ടെത്തി.
ഒരു ഐടി സ്ഥാപനത്തിൽ കൺസൾട്ടന്‍റായി ജോലി ചെയ്യുകയായിരുന്നു അനൂപ്. ഇന്ന് രാവിലെ ജോലിക്കായി വീട്ടുജോലിക്കാരി വന്നപ്പോൾ വാതിൽ തുറന്നില്ല. തുടർന്ന് ഇവരും അയൽക്കാരും ചേർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോഴുള്ള വീട്ടുജോലിക്കാരി അടക്കം സഹായത്തിനെത്തുന്ന മൂന്ന് ജോലിക്കാർക്ക് പ്രതിമാസം 15,000 രൂപ ഇവർ ശമ്പളമായി നൽകിയിരുന്നു. സാമ്പത്തികബാധ്യതകൾ ഇവരെ അലട്ടിയിരുന്നില്ല എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്ക് കാരണമെന്തെന്നടക്കം പരിശോധിക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ബെംഗളുരു സദാശിവനഗർ പൊലീസ് അറിയിച്ചു.
CONTENT HIGHLIGHT: techie and family