ചെന്നൈ: കർണാടകയ്ക്ക് പുറമെ തമിഴ്നാട്ടിലും എച്ച്‌എംപിവി സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ 2 കുട്ടികൾ ചികിത്സയിൽ ആണ്. ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി.
ചുമ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, എച്ച്എംപിവി ബാധയെക്കുറിച്ച് ആശങ്കപ്പെടാനാനില്ലെന്ന് ആരോഗ്യവിദഗ്ധർ ആവർത്തിക്കുന്നുണ്ട്. ശൈത്യകാലത്ത് സാധാരണ കണ്ടു വരുന്ന വൈറസ് ബാധ മാത്രമാണിത്. എല്ലാ വർഷവും ഇതുണ്ടാകുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ജലദോഷത്തിനു സമാനമായ അസ്വസ്ഥതളാണ് വൈറസ് ബാധയുടെ ഭാഗമായുണ്ടാകാറുള്ളതെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണിത്. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. തണുപ്പ് കാലത്താണ് രോഗം പടരാൻ സാധ്യത. ജലദോഷമോ പനിയോ വരുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് എച്ച്എംപിവി സാധാരണയായി ഉണ്ടാവുക. കഫകെട്ട്, പനി, ശ്വാസ തടസ്സം, മൂക്കടപ്പ് എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്.പ്രതിരോധ ശേഷി കുറഞ്ഞവരിൽ ബ്രോങ്കൈറ്റിസിനും ന്യുമോണിയയ്ക്കും കാരണമാകും. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത് 2001-ൽ ആണ്. അജ്ഞാതമായ രോഗാണുക്കൾ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയുള്ള കുട്ടികളുടെ നാസോഫറിംഗൽ ആസ്പിറേറ്റ് സാമ്പിളുകളിൽ ഡച്ച് വിദഗ്ധരാണ് ആദ്യമായി വൈറസ് കണ്ടെത്തിയത്. കുറഞ്ഞത് 60 വർഷമായി നിലനിൽക്കുന്നതും സാധാരണ ശ്വാസകോശ രോഗകാരിയായി ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ്. അക്കാദമിക് മെഡിക്കൽ സെന്റർ ക്ലീവ്ലാൻഡ് ക്ലിനിക്കിന്റെ അഭിപ്രായത്തിൽ, മെറ്റാപ്ന്യൂമോവൈറസിനെ ചികിത്സിക്കുന്ന ആൻറിവൈറൽ മരുന്നുകളൊന്നും നിലവിൽ ഇല്ല.
CONTENT HIGHLIGHT: hmpv two children in chennai test positive