Kerala

കാരുണ്യത്തിന്റെ കടലുമായി കലോത്സവ വേദിയിലൊരു ദഫ് മുട്ട് സംഘം; സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച സുഹൃത്തിനായി സമാഹരിച്ചത് 11 ലക്ഷം രൂപ

മലപ്പുറം കോട്ടുക്കരയില്‍ നിന്ന് തലസ്ഥാനത്തെ കലോത്സവേദിയിലേക്കുള്ള പി.പി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദഫ് മുട്ട് സംഘത്തിന്റെ യാത്രയില്‍ കാരുണ്യത്തിന്റെ വന്‍കടലാണ്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച ഇവരുടെ സുഹൃത്ത് മുണ്ടക്കുളം സ്വദേശി ശാമിലിന്റെ ചികിത്സയ്ക്കായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പിരിച്ചെടുത്തത് 11 ലക്ഷം രൂപയാണ്. മൂന്നുകോടി രൂപയാണ് ചികിത്സയ്ക്കായി വേണ്ടത്. തുടക്കത്തില്‍ പല സ്ഥലങ്ങളിലും പരിപാടികളിലും ദഫ്മുട്ട് അവതരിപ്പിച്ചാണ് കൂട്ടുകാരന്റെ ചികിത്സയ്ക്കായി പി.പി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ധനം സമാഹരിച്ചു തുടങ്ങിയത്. ഈ ശ്രമത്തിലേക്ക് മാതാപിതാക്കളും നാട്ടിലെ വ്യാപാര സ്ഥാപനങ്ങളും പ്രദേശവാസികളും ചേര്‍ന്ന് സഹായ ഹസ്തം നീട്ടിയപ്പോള്‍ 11,111,11 രൂപയാണ് പിരിഞ്ഞു കിട്ടിയത്. ഭീമമായ ചികിത്സാച്ചെലവ് വേണ്ട ഗുരുതര രോഗമാണെങ്കിലും കൂട്ടുകാരനായി ഇത്രയും തുക സമാഹരിക്കാനായതിന്റെ സന്തോഷത്തോടെയാണ് എച്ച് എസ് എസ് വിഭാഗം ദഫ്മുട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ ടാഗോര്‍ തിയേറ്ററിലെ പമ്പയാര്‍ വേദിയില്‍ എത്തിച്ചേര്‍ന്നത്. ദഫ്മുട്ട് പരിശീലകനായ ഡോ. കോയാ കാപ്പാടിന്റെ പിന്തുണയോടെയായിരുന്നു വിദ്യാര്‍ഥികളുടെ അസാധാരണമായ കൂട്ടായ്മ വിജയത്തിലെത്തിയത്. ദഫ്മുട്ട് കലയില്‍ പാരമ്പര്യമുള്ള ആലസംവീട്ടിലെ നാലാം തലമുറക്കാരനാണ് കോയാ കാപ്പാട്. ദഫ്മുട്ടിനെ കൂടുതല്‍ വേദികളിലെത്തിച്ച് ജനകീയമാക്കാനുള്ള പ്രചോദനവും കുട്ടികള്‍ക്ക് കോയാ കാപ്പാട് നല്‍കി.