കൽപ്പറ്റ: പൾസർ ബൈക്കിൽ കഞ്ചാവുമായി വരികയായിരുന്ന രണ്ട് യുവാക്കൾ വഴിമദ്ധ്യേ എക്സൈസുകാരുടെ പിടിയിലായി. വയനാട് പുൽപ്പള്ളിയിലാണ് 22ഉം 25ഉം വയസുള്ള യുവാക്കൾ പിടിയിലായത്. 1.714 കിലോഗ്രാം കഞ്ചാവും അത് കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പത്ത് വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് രണ്ട് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
പുൽപ്പള്ളി പെരിക്കല്ലൂർ ഭാഗത്തു വെച്ചാണ് ബൈക്കിൽ വരികയായിരുന്നവർ എക്സൈസ് സംഘത്തിന് മുന്നിൽപ്പെട്ടത്. ക്രിസ്മസ് – പുതുവത്സര സീസണിനോടനുബന്ധിച്ച് എക്സൈസുകാർ പ്രത്യേക പരിശോധനകൾ നടത്തിവരികയായിരുന്നു. കേരളാ എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധനയ്ക്കുണ്ടായിരുന്നത്. അസ്വഭാവികത കണ്ട് യുവാക്കളെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ആകെ 1.714 കിലോഗ്രാം കഞ്ചാവ് ഇവരുടെ കൈവശമുണ്ടായിരുന്നു.
രണ്ട് പേരെയും സ്ഥലത്തു വെച്ചു തന്നെ എക്സൈസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി താന്നിത്തെരുവ് സ്വദേശി ശ്യാംമോഹൻ (22), പുൽപ്പള്ളി പെരിക്കല്ലൂർ സ്വദേശി അജിത്ത് എം.പി (25) എന്നിവരാണ് പിടിയിലായത്. ഇവരുടെ ബൈക്കും പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ.സുനിലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ എം.എ,
സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ് വി.ബി, സുരേഷ്.എം, രാജേഷ്.ഈ.ആർ, മുഹമ്മദ് മുസ്തഫ.ടി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വീരാൻകോയ എന്നിവരും പങ്കെടുത്തു.
content highlight : 1.71 kg ganja was seized from the hand of the youth