മലയാളികളെ നൂറ്റാണ്ടുകളായി ഗള്‍ഫ് നാടുമായി ബന്ധിപ്പിക്കുന്ന പാലമാണ് അറബി ഭാഷയെന്നും നാനാത്വത്തിന്റെ ഇടയില്‍ ഏകത്വത്തെ പ്രാപിക്കുവാനായി ഈ ഭാഷ നമ്മെ സഹായിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മലയാളികളുടെ സര്‍ഗാത്മക ആവിഷ്‌കാരത്തിനും ഭൗതിക വളര്‍ച്ചയ്ക്കും സാംസ്‌കാരിക മുന്നേറ്റത്തിനും അവസരം ഉണ്ടാക്കുന്ന അറബിക് ഭാഷയെ പ്രാപിക്കുവാനുള്ള അതുല്യമായ അവസരമാണ് ഈ കലോത്സവത്തിലൂടെ കുട്ടികള്‍ക്ക് പ്രാപ്തമാകുന്നത്. അറബിക് കലോത്സവത്തോടനുബന്ധിച്ചു നടത്തിയ അറബി ഭാഷ സെമിനാറിന്റെയും ഭാഷ പണ്ഡിതരെ ആദരിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അറബി ,സംസ്‌കൃതം എന്നീ ഭാഷകള്‍ക്ക് കൊടുക്കേണ്ട പ്രാധാന്യത്തെ കുറിച്ചും മാനവ ജനതയുടെ ഐക്യമത്യത്തിന് ഭാഷകള്‍ക്കുള്ള പങ്കിനെക്കുറിച്ചും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ സംസാരിച്ചു. അറബി അധ്യാപകരുടെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച അറബിക് സ്വാഗത ഗാനം കാണികള്‍ക്ക് പുതുമയാര്‍ന്ന അനുഭവമായി. അറബിക് ഭാഷ പഠനത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ഭാഷാ പണ്ഡിതരെ മന്ത്രി ശിവന്‍കുട്ടി ആദരിച്ചു.