പക്ഷി നിരീക്ഷകര്‍ക്കായി പ്രകൃതി രചിച്ച ഭാവഗീതമാണ് അഗസ്ത്യകൂടം. വിശേഷപ്പെട്ട പക്ഷികളെ ഒരു നോക്കു കാണുന്നതിന് നൂറുകണക്കിന് പക്ഷിനിരീക്ഷകരാണ് അഗസ്ത്യകൂടത്തില്‍ എത്തുന്നത്. നെയ്യാര്‍ അണക്കെട്ടില്‍ നിന്നും ബോണക്കാട് നിന്നും അഗസ്ത്യകൂടം കാണാനാവും. അപൂര്‍വ്വമായ സസ്യ ജന്തു ജാലങ്ങളാണ് അഗസ്ത്യകൂടത്തിന്റെ സവിശേഷത. ഇവിടെ മാത്രം കണ്ടു വരുന്ന ഔഷധ ചെടികളുമുണ്ട്. രണ്ടായിരത്തിലധികം അപൂര്‍വ്വ സസ്യങ്ങളും ഔഷധ ചെടികളും ഓര്‍ക്കിഡുകളും അഗസ്ത്യകൂടത്തില്‍ ഉളളതായി രേഖപ്പെടുത്തിയിരിക്കുന്നു.
പുരാണ കഥാപാത്രമായ അഗസ്ത്യ മുനിയുടെ വാസസ്ഥലം ആയിരുന്നുവത്രെ ഈ പ്രദേശം. അതാണ് അഗസ്ത്യകൂടം എന്ന പേരില്‍ ഈ സ്ഥലം വിഖ്യാതമായത്. അഗസ്ത്യമുനിയുടേത് എന്ന് കരുതുന്ന ഒരു ക്ഷേത്രം ഇവിടെയുണ്ട്. വിശ്വാസികള്‍ ഇവിടം സന്ദർശിക്കാറുണ്ട്. അഗസ്ത്യകൂടത്തിലെ അന്തരീക്ഷത്തിനു തന്നെ ഔഷധ ഗുണമുണ്ട് എന്നാണ് വിശ്വാസം.
അഗസ്ത്യമുടിയുടെ താഴ്വാരമായ ബോണക്കാട് വരെ മാത്രമേ വാഹനയാത്ര സാധ്യമാകൂ. കൊടുമുടിയിലേക്ക് നടന്നു തന്നെ കയറണം. സാഹസിക നടത്തത്തിനു കര്‍ശനമായ നിയന്ത്രണമുണ്ട്. സ്ത്രീകള്‍ക്കു മലകയറ്റത്തിന് അനുവാദം ഉണ്ടായിരുന്നില്ല. ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയാണ് സീസണ്‍. തിരുവനന്തപുരത്തെ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് മുന്‍കൂറായി അനുവാദം വാങ്ങിയാലേ അഗസ്ത്യകൂടത്തിലേക്ക് യാത്ര ചെയ്യാനാകൂ.
STORY HIGHLIGHTS: Know about agasthyakoodam-western-ghats