India

മാവൂർ ഗ്രാസിം കേസ്: സമരസമിതിയുടെ ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി | mavoor grasim factory case

കേസിൽ എതിർകക്ഷികളായ ഗ്രാസിം ഇൻഡസ്ട്രീസിനും കേരള സർക്കാരിനുമാണ് നോട്ടീസ്

ദില്ലി: മാവൂർ ഗ്രാസിം കേസിൽ കേരളാ പ്രവാസി അസോസിയേഷൻ ചെയർമാനും മാവൂർ ഗ്രാസിം സമര സമിതി നേതാവുമായ രാജേന്ദ്രൻ വെള്ളപ്പാലത്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. കേസിൽ എതിർകക്ഷികളായ ഗ്രാസിം ഇൻഡസ്ട്രീസിനും കേരള സർക്കാരിനുമാണ് നോട്ടീസ്. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവർ അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്.

കോഴിക്കോട് മവൂരിലെ 320.78 ഏക്കർ ഭൂമിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് ഹർജി. ഇതിൽ 238.41 ഏക്കർ 1960-കളിൽ വ്യവസായ ആവശ്യങ്ങൾക്കായി കേരള സർക്കാർ ഏറ്റെടുത്ത് കൈമാറിയതും, 82.37 ഏക്കർ കമ്പനി സ്വകാര്യമായി വാങ്ങിയതുമാണ്. ഇതിൽ സർക്കാർ നൽകിയ ഭൂമി കമ്പനി നിർത്തിയതോടെ തിരികെ ഏറ്റെടുക്കാൻ നടപടികൾ തുടങ്ങിയിരുന്നു. ഇതിനെതിരെ ഗ്രാസിം കമ്പനി നൽകിയ ഹർജി നിലവിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇതിൽ കക്ഷി ചേരാൻ സമര സമിതി നൽകിയ അപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ നിന്നും അനൂകൂല തീരുമാനം ലഭിക്കാതെ വന്നതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗ്രാസിമിന്‍റെ കൈവശമുള്ള ഭൂമി തിരിച്ചെടുക്കാനുള്ള ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള റിട്ട് ഹർജിയിൽ തങ്ങളുടെ വാദങ്ങൾ കേൾക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിൽ ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യംമോഹനൻ എന്നിവർ ഹാജരായി.

 

content highlight : mavoor-grasim-factory-case-supreme-court-sent-a-notice-to-the-opposing-parties-on-the-petition-of-the-action-committee