കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു. പാർട്ടിയിൽ പിന്തുണ നഷ്ടമായതോടെയാണ് തീരുമാനം. പുതിയ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ അറിയിച്ചു. ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി. ഒൻപത് വർഷമായി കാനഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ. തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്.
ലിബറൽ പാർട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയർന്നിരുന്നു. കനേഡിയൻ പാർലമെന്റിൽ ലിബറൽ പാർട്ടിയുടെ 153 എംപിമാരിൽ 131 പേർ ട്രൂഡോയ്ക്ക് എതിരായിരുന്നു. കൂടാതെ പാർട്ടിയുടെ അറ്റ്ലാന്റിക്, ഒന്റാറിയോ, ക്യൂബെക് പ്രവിശ്യകളിലെ ലിബറൽ പാർട്ടിയുടെ നേതൃത്വവും ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതേത്തുടർന്നാണ് തീരുമാനം.
പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ മൂന്നു മുതൽ നാലു മാസം വരെയെടുക്കും. ഈ വർഷം ഒക്ടോബർ 20ന് മുൻപാണ് കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. പുതിയ നേതാവിന്റെ സ്ഥാനത്തേക്ക് മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, കനേഡിയൻ കേന്ദ്ര ബാങ്ക് മുൻ ഉദ്യോഗസ്ഥൻ മാർക് കാർനി, മുൻ മന്ത്രിമാരായ മെലനി ജോളി, ഡൊമിനിക് ലെബ്ലാങ്ക്, ബ്രിട്ടിഷ് കൊളംബിയ മുൻ പ്രധാനമന്ത്രി ക്രിസ്റ്റി ക്ലാർക്ക് എന്നിവരുടെ പേരാണ് ഉയർന്നു കേൾക്കുന്നത്.
STORY HIGHLIGHTS: justin-trudeau-announces-resignation-as-canadian-pm