ചെന്നൈയില്‍ കഴിഞ്ഞ ദിവസം എച്ച്എംപി വൈറസ് സ്ഥിരീകരിച്ച 2 കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നും രണ്ട് പേര്‍ക്ക് മാത്രമാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും അറിയിച്ച തമിഴ്‌നാട് സര്‍ക്കാര്‍ ശരീരത്തിലെ ജലാംശം ക്രമീകരിക്കുകയും വിശ്രമവും ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയിലൂടെ തന്നെ ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെട്ടതായും വിശദീകരിക്കുന്നുണ്ട്. പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളില്‍ 2 കുട്ടികള്‍ക്ക് എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി സുപ്രിയ സാഹുവാണ് തിങ്കളാഴ്ച രാത്രി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. തമിഴ്‌നാട്ടില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഇന്‍ഫ്‌ലുവന്‍സ സമാനമായ രോഗങ്ങളുടെയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ നിരന്തര നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു. തമിഴ്‌നാട്ടിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിലും സ്ഥിതി അവലോകനം ചെയ്തു.