നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നു പൊലീസ്. നടിയുടെ പരാതിയിൽ 30 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ അശ്ലീല കമന്റിട്ട എറണാകുളം കുമ്പളം സ്വദേശി ഇന്നലെ അറസ്റ്റിലായി. സംഭവത്തിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സൈബർ പൊലീസിന്റെ സഹായത്തോടെ നടപടികൾ ഉർജിതമാക്കി. വ്യാജ ഐഡിയാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.
‘അസഭ്യ അശ്ലീല ഭാഷാ പണ്ഡിത മാന്യമാരെ, ഇതേ അവസ്ഥയിൽ കടന്ന് പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുകയാണ്.’ നടി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. കൊച്ചി സെൻട്രൽ പൊലീസിൽ കമന്റിട്ടവരുടെ പേരും ഐഡിയും അടക്കം ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ബിഎൻഎസ് പ്രകാരം ജാമ്യമില്ല വകുപ്പും ഐടി ആക്ടും ചുമത്തിയാണ് കേസ്.
നടിയുടെ പോസ്റ്റിനു കീഴെ പുതിയ അധിക്ഷേപ കമന്റ് കണ്ടെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. നടിക്ക് താര സംഘടനയായ അമ്മ പൂർണ പിന്തുണ പ്രഖ്യാപിച്ചു. നടിക്കെതിരെ നടക്കുന്ന സൈബർ അതിക്രമത്തെ അപലപിച്ച സംഘടന നിയമനടപടികൾക്കും പിന്തുണ അറിയിച്ചു. മാസങ്ങൾക്ക് മുൻപ് നടന്ന ഉദ്ഘാടന വേദിയിലാണ് ഹണി റോസ് ദുരനുഭവം നേരിട്ടത്.