കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (3) ജഡ്ജി റൂബി കെ ജോസാണ് ശിക്ഷ വിധിക്കുക.
കേസിൽ 9 ആർഎസ്എസ്-ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2005 ഒക്ടോബർ മൂന്നിനാണ് റിജിത്ത് കൊല്ലപ്പെട്ടത്. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതിൽ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചു. ബാക്കിയുള്ള ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
2005 ഒക്ടോബറിൽ രാത്രി ഒൻപത് മണിയോടു കൂടിയാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സുഹൃത്തുക്കൾക്കൊപ്പം നടന്നുവരുന്ന സമയത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ച് മാരകായുധങ്ങളുമായി ആർഎസ്എസ്-ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ആ സമയത്ത് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരായിരുന്ന നികേഷ്, വികാസ്, വിമൽ എന്നിവർക്കും പരിക്കേറ്റിരുന്നു. ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 2005 ഒക്ടോബർ രണ്ടാം തിയതി തർക്കമുണ്ടാവുകയും മൂന്നാം തിയതി റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.