സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളിൽ ചാൻസലർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമ പരിഷ്കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു. വൈസ് ചാൻസലർമാരുടേയും അധ്യാപകരുടേയും അക്കാദമിക് സ്റ്റാഫുകളുടേയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്കരിച്ച കരട് ചട്ടങ്ങളാണ് യുജിസി പുറത്തിറക്കിയത്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയെ നിശ്ചിയിക്കുക ചാൻസലർ ആയിരിക്കുമെന്നു കരടിൽ പറയുന്നു. കേരളത്തിലെ പ്രധാന സർവകലാശാലകളിലെല്ലാം ചാൻസലർ ഗവർണറായതിനാൽ ഫലത്തിൽ വിസി നിയമനങ്ങളിൽ ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ ലഭിക്കും.
2018ലെ യുജിസി വിജ്ഞാപനത്തിൽ വിസി നിയമനാധികാരം ആർക്കെന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. എന്നത് തർക്കത്തിനും കേസുകൾക്കും കാരണമായിരിക്കെയാണ് യുജിസിയുടെ പരിഷ്കാരങ്ങൾ. കരടിലെ വ്യവസ്ഥയനുസരിച്ച് ചാൻസലർ നിർദ്ദേശിക്കുന്ന ആളാകും സെർച്ച് കമ്മിറ്റി ചെയർപേഴ്സൻ. രണ്ടാമത്തെ അംഗത്തെ യുജിസി ചെയർമാൻ നാമനിർദ്ദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്സിക്യൂട്ടീവ് കൗൺസിൽ, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നിങ്ങനെയുള്ള സമിതികൾക്ക് മൂന്നാമത്തെ അംഗത്തെ നിർദ്ദേശിക്കാം. അപേക്ഷകരിൽ നിന്നു കമ്മിറ്റി നിർദ്ദേശിക്കുന്ന 3- 5 പേരിൽ നിന്നു ഒരാളെ ചാൻസലർക്കു വിസിയായി നിയമിക്കാം. പുനർ നിയമനത്തിനും അനുമതിയുണ്ട്.
സർവകലാശാല വിസി നിയമനങ്ങളെ ചൊല്ലിയുള്ള ഗവർണർ – സർക്കാർ പോരുകൾ രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് പുതിയ കരട് ചട്ടം യുജിസി ഇറക്കിയത്. കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിനു വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകും.