കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയെ യുഎസ്സിന്റെ അൻപത്തിയൊന്നാമത്തെ സംസ്ഥാനമാക്കാമെന്നും അങ്ങനെ സംഭവിച്ചാൽ എത്ര മഹത്തായ രാഷ്ട്രമായിരിക്കും പിറവിയെടുക്കുക എന്നും ട്രംപ് പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനം ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചത്തിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ വാഗ്ദാനം.
“കാനഡയിലെ നിരവധി ആളുകൾ തങ്ങളുടെ രാജ്യം യുഎസ്സിൻ്റെ 51-ാമത്തെ സംസ്ഥാനമാകുന്നതിനോട് ഇഷ്ടപ്പെടുന്നുണ്ട്. കാനഡ യുഎസുമായി ലയിച്ചാൽ, താരിഫുകൾ ഉണ്ടാകില്ല, നികുതികൾ കുറയും. മാത്രമല്ല റഷ്യൻ, ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽ നിന്ന് അവർ പൂർണ്ണമായും സുരക്ഷിതരായിരിക്കും’- ട്രംപ് കുറിച്ചു. ഇതാദ്യമായല്ല കാനഡയെ സ്വന്തമാക്കാനുള്ള ആഗ്രഹം ട്രംപ് തുറന്ന് പറയുന്നത്. നവംബറിൽ തെരഞ്ഞെടുപ്പ് വിജയിച്ചതുമുതൽ കാനഡയെ അമേരിക്കയുടെ അൻപത്തിയൊന്നാമത് സംസ്ഥാനം എന്നാണ് ട്രംപ് വിളിക്കുന്നത്.
അതേസമയം ലിബറല്‍ പാര്‍ട്ടിക്കകത്തുതന്നെ സ്ഥാനമൊഴിയണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് കനേഡിയൻ പ്രാധാനമന്ത്രി സ്ഥാനത്ത് നിന്നും ജസ്റ്റിൻ ട്രൂഡോ രാജിവെച്ചത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെ കൂടിയാണ് ട്രൂഡോയുടെ രാജി.