കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് പരിക്കേറ്റ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ സംഘാടകരായ ഓസ്കർ ഇവൻ മാനേജ്മെന്റ് ഉടമ പി എസ് ജനീഷിനെയാണ് പാലാരിവട്ടം പോലീസ് തൃശ്ശൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.
നേരത്തേ ജനീഷും പരിപാടിക്കു രൂപം നൽകിയ മൃദംഗവിഷൻ എംഡി എം.നിഗോഷ് കുമാറും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കീഴടങ്ങാനായിരുന്നു നിർദേശം. തുടർന്ന് നിഗോഷ് കുമാർ കീഴടങ്ങിയെങ്കിലും മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നതിനാൽ ജനീഷ് കൂടുതൽ സമയം തേടിയിരുന്നു.
ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയ ജനീഷ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകുമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ എത്തിയില്ല. തുടർന്നാണു പാലാരിവട്ടം പൊലീസ് തൃശൂരിലെത്തി കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. നിഗോഷ് കുമാർ, മൃദംഗവിഷൻ സിഇഒ ഷമീർ അബ്ദുൽ റഹീം, സ്റ്റേഡിയം ബുക് ചെയ്ത കെകെ പ്രൊഡക്‌ഷൻസ് ഉടമ എം.ടി.കൃഷ്ണകുമാർ, അപകടത്തിന് ഇടയാക്കിയ താൽക്കാലികവേദി നിർമിച്ച വി.ബെന്നി തുടങ്ങിയവർക്ക് അനുവദിച്ച ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കും. കോടതിയിൽ ഇന്നു വീണ്ടും ഹാജരാകുന്ന ഇവരുടെ ജാമ്യം നീട്ടുമോ എന്നും ഇന്നറിയാം.
ഇവർക്ക് ഇടക്കാല ജാമ്യം നൽകിയതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം അനിഷ്ടം രേഖപ്പെടുത്തിയിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ടു വിശ്വാസവഞ്ചന നടത്തിയെന്ന കേസിലാണു മുന്‍കൂർ ജാമ്യത്തിനായി നിഗോഷ് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. നൃത്ത പരിപാടിയിൽ പങ്കെടുത്തവരിൽനിന്ന് പണം ഈടാക്കിയതിലും ഒരാൾ സ്റ്റേജിൽനിന്ന് വീണിട്ടും പരിപാടി തുടര്‍ന്നതിനെയും കോടതി വിമർശിച്ചു.
ഉമ തോമസിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ എഴുന്നേറ്റിരുന്ന ഉമയ്ക്കു ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാനാകുമോ എന്ന് ഡോക്ടർമാർ നോക്കുന്നുണ്ട്. ശ്വാസകോശത്തിലെ വീക്കം കുറഞ്ഞാൽ മാത്രമേ ഐസിയുവിൽനിന്ന് മാറ്റൂ എന്നാണു വിവരം.