അരവണ പായസം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല കട്ടിയിലുള്ള മധുരം കിനിയിന്ന അരവണ പായസം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്ന് തന്നെയാണ്. നല്ല കിടിലന്‍ രുചിയില്‍ സ്വാദൂറും അരവണ പായസം കുറഞ്ഞ സമയത്തിനുള്ളില്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ഉണക്കലരി – മുക്കാല്‍ കപ്പ്
വെള്ളം – അഞ്ച് കപ്പ്
ശര്‍ക്കര- അര കിലോ
കല്‍ക്കണ്ടം – കാല്‍ കപ്പ്
നെയ്യ് – അര കപ്പ് + 2 ടേബിള്‍സ്പൂണ്‍
ചുക്കുപൊടി – ഒരു ടീസ്പൂണ്‍
ഏലക്കാപ്പൊടി – ഒരു ടീസ്പൂണ്‍
തേങ്ങാക്കൊത്ത് – കാല്‍ കപ്പ്
അണ്ടിപ്പരിപ്പ് – കാല്‍ കപ്പ്
ഉണക്കമുന്തിരി – കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം
ശര്‍ക്കര, അരക്കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് അരിച്ചു വയ്ക്കുക. പാത്രത്തില്‍ അഞ്ച് കപ്പ് വെള്ളം തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോള്‍ കഴുകിവെച്ച അരിയിട്ട് ഇടത്തരം ചൂടില്‍ വേവിക്കുക. അരി നന്നായി വെന്ത് വെള്ളം വറ്റി കഴിയുമ്പോള്‍ ശര്‍ക്കരപ്പാനി ചേര്‍ത്ത് കൊടുക്കുക. ശര്‍ക്കരപ്പാനിയും അരിയും ചേര്‍ത്ത് നന്നായി വരട്ടി എടുക്കുക. കട്ടിയാവാന്‍ തുടങ്ങുമ്പോള്‍ കല്‍ക്കണ്ടം ചേര്‍ത്തു കൊടുക്കുക. ഇടയ്ക്കിടക്ക് അല്‍പാല്‍പമായി നെയ്യ് ചേര്‍ത്തു കൊടുക്കുക. അരക്കപ്പ് നെയ്യ് പായസത്തിലേക്ക് ചേര്‍ത്തുകൊടുക്കണം. നെയ്യും ശര്‍ക്കരയും അരിയും നന്നായി യോജിച്ച് വശങ്ങളില്‍ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോള്‍ ചുക്കുപൊടിയും ഏലക്കാപ്പൊടിയും ചേര്‍ത്ത് കൊടുക്കാം. ശേഷം തീ ഓഫ് ചെയ്യുക. ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി ചെറുതായി അരിഞ്ഞ തേങ്ങക്കൊത്ത്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്ത് പായസത്തില്‍ ചേര്‍ക്കുക. രുചിയൂറും പായസം റെഡി.