പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരിൽ 1,43,69,092 പേർ സ്ത്രീകളാണ്. ആകെ പുരുഷ വോട്ടർമാർ – 1,34,41490. ആകെ ഭിന്നലിംഗ വോട്ടർമാർ – 360. കൂടുതൽ വോട്ടർമാരുള്ള ജില്ല – മലപ്പുറം (34,01,577), കുറവ് വോട്ടർമാരുള്ള ജില്ല – വയനാട് (6,42,200). കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല – മലപ്പുറം (17,00,907). കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല – തിരുവനന്തപുരം (93). ആകെ പ്രവാസി വോട്ടർമാർ – 90,124. പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,876). സംസ്ഥാനത്ത് 25,409 പോളിങ് സ്റ്റേഷനുകളുണ്ട്.
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2025 ന്റെ ഭാഗമായി വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ മികച്ച പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽകർ പറഞ്ഞു. വിവിധ പ്രായപരിധിയിൽ ഉൾപ്പെടുന്ന 63,564 ആളുകളാണ് പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കപ്പെട്ടത്. മരണപ്പെട്ടതും, താമസം മാറിയതും ഉൾപ്പെടെ 89,907 വോട്ടർമാരാണ് വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഒഴിവാക്കപ്പെട്ടത്. പുതുതായി 232 പോളിങ് സ്റ്റേഷനുകൾ കൂട്ടിച്ചേർത്തു. 2025 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ കാര്യാലയത്തിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസർമാരുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും വോട്ടർ പട്ടിക ലഭിക്കും.
സ്‌കൂൾ, കോളേജ് തലത്തിൽ പ്രവർത്തിക്കുന്ന ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ ഫലപ്രദമായ പ്രവർത്തനത്തിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂർ അപേക്ഷകൾ ലഭിക്കുന്നുണ്ട്. മുൻകൂറായി ലഭിച്ചിട്ടുള്ള 17 വയസ്സിനു മുകളിലുള്ളവരുടെ അപേക്ഷകൾ ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1, എന്നീ യോഗ്യതാ തീയതികളിൽ 18 വയസ് പൂർത്തിയാകുന്നത് അനുസരിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി തിരിച്ചറിയൽ കാർഡ് നൽകും.
content high lights; Final voter list published in state: Total voters 2,78,10,942; More voters in Malappuram, less in Wayanad; 25,409 polling stations in the state