India

ആദ്യ പ്രസവസമയത്ത് വയറ്റിൽ സൂചി മറന്നുവച്ചു; പുറത്തെടുത്തത് രണ്ടുവർഷത്തിനുശേഷം രണ്ടാമത്തെ പ്രസവത്തിൽ; പരിക്കുകളോടെ നവജാത ശിശു വെന്‍റിലേറ്ററിൽ | needle got stuck in a woman’s stomach

പ്രസവസമയത്ത് ഈ പിൻ നവജാതശിശുവിനെ മുറിവേൽപ്പിക്കുകയും കുഞ്ഞിന്‍റെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ ഉണ്ടാക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു

ആദ്യ പ്രസവസമയത്ത് വയറ്റിൽ മറന്നുവെച്ച സൂചി പുറത്തെടുത്തത് രണ്ടാമത്തെ പ്രസവത്തിന്റെ സമയത്ത്. മധ്യപ്രദേശിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. നഗരത്തിലെ സഞ്ജീവ് ഗാന്ധി ആശുപത്രിയിൽ പ്രസവിച്ച സ്ത്രീയുടെ വയറ്റിൽ നിന്നാണ് രണ്ടുവർഷത്തിനുശേഷം ആദ്യ പ്രസവത്തിനിടയിൽ അകപ്പെട്ടുപോയ സൂചി കണ്ടെത്തിയെന്ന ആരോപണം ഉയർന്ന് വന്നിരിക്കുന്നത്. പ്രസവസമയത്ത് ഈ പിൻ നവജാതശിശുവിനെ മുറിവേൽപ്പിക്കുകയും കുഞ്ഞിന്‍റെ ശരീരത്തിൽ ഒന്നിലധികം മുറിവുകൾ ഉണ്ടാക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു. പരിക്കുകളെ തുടർന്ന് കുഞ്ഞ് ഇപ്പോൾ വെന്‍റിലേറ്ററിലാണ്.

രേവയിലെ ഘോഘർ പ്രദേശവാസിയായ ഹിനാ ഖാൻ എന്ന യുവതിയും കുടുംബാംഗങ്ങളുമാണ് ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2023 മാർച്ച് 5 -നാണ് രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ഹിനാ ഖാൻ തന്‍റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. അമ്മയ്ക്കും കുഞ്ഞിനും തുടക്കത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം ഇരുവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങി.

എന്നാൽ, വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ വാഹനത്തിൽ വച്ച് ഹിനാ ഖാന് കഠിനമായ വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. ഉടൻ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയയായെങ്കിലും പ്രസവ സമയത്തെ തുന്നലുകളുടെ വേദനയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറയുമെന്നും ഡോക്ടർമാർ ഉറപ്പ് നൽകി വിട്ടയച്ചു. കാലക്രമേണ വയറിലെ തുന്നൽ നൂല് അലിഞ്ഞ് ഇല്ലാതാകുമെന്നും ഡോക്ടർമാർ യുവതിയോട് പറഞ്ഞു.

രണ്ട് വർഷത്തിന് ശേഷം ജില്ലാ ആശുപത്രിയിൽ രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനത്തിനായി ഹിനാ ഖാൻ എത്തി. പ്രസവസമയത്ത്, നവജാത ശിശുവിനൊപ്പം ഒരു ശസ്ത്രക്രിയ സൂചിയും ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. സൂചിയുടെ സാന്നിധ്യം മൂലം ഗർഭകാലം മുഴുവൻ കഠിനമായ വേദനയാണ് ഇവർക്ക് സഹിക്കേണ്ടി വന്നത്. സൂചി ശരീരത്തിൽ കൊണ്ട് നവജാതശിശുവിനും നിരവധി പരിക്കുകൾ ഏറ്റെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ശരീരം നിറയെ വരഞ്ഞ് മുറിവേറ്റ നിലയില്‍ കുഞ്ഞ് ഇപ്പോഴും ആശുപത്രി വെന്‍റിലേഷനില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.

CONTENT HIGHLIGHT: needle got stuck in a woman’s stomach