Kerala

സംസ്‌കൃത നാടകത്തില്‍ മികവുമായി ഇടുക്കി സ്‌കൂള്‍; മോണോ ആക്ടില്‍ എം ടി കഥാപാത്രങ്ങള്‍, വേദി കിഴടക്കി മായ സാജന്‍

സാമ്പത്തിക പരിമിതികളെ അധ്യാപികയുടെ നിസ്വാര്‍ഥമായ സേവനത്തില്‍ മറികടന്ന് സംസ്‌കൃതോത്സവത്തില്‍ മികച്ച പ്രകടനവുമായി ഇടുക്കി ജില്ലയിലെ നങ്കിസിറ്റി എസ് എന്‍ എച്ച് സ്‌കൂള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സംസ്‌കൃത കലോത്സവത്തില്‍ നങ്കിസിറ്റി എസ് എന്‍ എച്ച് സ്‌കൂള്‍ അഞ്ചിനങ്ങളിലാണ് പങ്കെടുത്തത്. ഗാനാലാപനം, പാഠകം, സമസ്യാപൂരണം, പ്രശ്‌നോത്തരി, സംസ്‌കൃത നാടകം എന്നിവയാണ് പങ്കെടുത്ത മത്സരങ്ങള്‍.

അഭിരുചി പ്രകടമാക്കാനൊരു വേദി ലഭിച്ചതിന്റെ സന്തോഷത്തിലാണ് നങ്കിസിറ്റിയിലെ സംസ്‌കൃത അധ്യാപിക ഡോ വി എസ് പ്രവിത. നങ്കിസിറ്റിയിലെ കുട്ടികള്‍ പ്രവിത ടീച്ചറുടെ സൗജന്യ ശിക്ഷണത്തിലാണ് സംസ്‌കൃതോത്സവത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ പരിശീലനം നേടിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടമാകരുതെന്ന ഉദ്ദേശത്തിലാണ് പ്രതിഫലമില്ലാതെ പരിശീലനം നല്‍കാമെന്ന തീരുമാനത്തില്‍ പ്രവിത ടീച്ചര്‍ എത്തുന്നത്. ‘കാലചക്രം’ എന്ന സംസ്‌കൃത നാടകമാണ് ഇത്തവണ എ ഗ്രേഡ് നേടിയത്. ജെറിന്‍ ബൈജു, കീര്‍ത്തന കലേഷ്, ഹന്ന ജോര്‍ജ് എന്നിവരാണ് നാടകത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ടീച്ചറും കുട്ടികളും.

സ്‌കൂള്‍ കലോത്സത്തിന്റെ മോണോ ആക്ട് മത്സരത്തില്‍ എം ടി വാസുദേവന്‍ നായരുടെ പ്രസിദ്ധമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മായ സാജന്‍ എ ഗ്രേഡ് നേടി. നിര്‍മല ഭവന്‍ സ്‌കൂളിലെ പള്ളിക്കലാര്‍ വേദിയിലാണ് മോണോ ആക്ട്് മത്സരം അരങ്ങേറിയത്. എം ടിയുടെ തൂലികയില്‍ പിറന്ന അനശ്വര കഥാപാത്രങ്ങളായ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തു, രണ്ടാമൂഴത്തിലെ ഭീമന്‍, നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാട്, സദയത്തിലെ സത്യനാഥന്‍, കുട്ട്യേടത്തി തുടങ്ങിയവരെയാണ് മായ അവതരിപ്പിച്ചത്. എം ടിയോടുള്ള ആദരസൂചകമായാണ് ഈ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതെന്ന് മായ പറഞ്ഞു. തൃക്കടേരി പി റ്റി എം എച്ച് എസ് എസ്സിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മായ ഏഴു വര്‍ഷമായി മോണോ ആക്ട് പരിശീലിക്കുന്നുണ്ട്. കലാഭവന്‍ നൗഷാദാണ് മായയുടെ ഗുരു.