Kerala

സ്റ്റുഡന്റ്സ് കോര്‍ണറിൻ്റെ ഉദ്ഘടനവും, സൗജന്യ സിറ്റി റൈഡ് ബസിൻ്റെ ഫ്ളാഗ് ഓഫും മന്ത്രി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു

പുസ്തകോത്സവത്തിന്റെ ഭാഗമായി തലസ്ഥാന നഗരം ചുറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്ന സൗജന്യ സിറ്റി റൈഡിന്റെ ഫ്ളാഗ് ഓഫും സ്റ്റുഡന്റ്സ് കോര്‍ണറിന്റെ ഉദ്ഘാടനവും മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. മൂന്നാം പതിപ്പിന്റെ പ്രത്യേക ആകര്‍ഷണമായി തയ്യാറാക്കിയ സ്റ്റുഡന്റ്സ് കോര്‍ണറില്‍ മനുഷ്യ ജീവിതത്തില്‍ പുസ്തകത്തിന്റെ പ്രാധാന്യവും തന്റെ ജീവിതത്തിലെ പുസ്തകങ്ങളുടെ സ്വാധീനവും മന്ത്രി കുട്ടികളോട് പങ്കുവച്ചു. വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ലൈബ്രറികളുടെ ആവശ്യകതയെക്കുറിച്ചും ലൈബ്രറി പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് വ്യക്തമാക്കുന്നതിന് ആപ്ലിക്കേഷനുകള്‍ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയമസഭാ പുസ്തകോത്സവമെന്ന ആശയം കൊണ്ടുവന്നത്തിനും പുസ്തകങ്ങള്‍ വാങ്ങാന്‍ അവസരം ഒരുക്കിയതിനും സ്പീക്കര്‍ എ എന്‍ ഷംസീറിന് മന്ത്രി നന്ദി അറിയിച്ചു. പുസ്തകോത്സവ ഗാനരചയിതാവായ മുരളി കൃഷ്ണയെ വേദിയില്‍ ആദരിച്ചു. വി കെ പ്രശാന്ത് എംഎല്‍എ ആശംസ അര്‍പ്പിച്ചു. വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ ഈ വേദിയില്‍ പ്രകാശനം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് സറ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരവുമുണ്ട്. വിജ്ഞാനത്തോടൊപ്പം വിനോദവും പ്രദാനം ചെയ്യുന്ന വിവിധ പരിപാടികളാണ് സ്റ്റുഡന്റ്സ് കോര്‍ണറില്‍ അരങ്ങേറുന്നത്.