കണ്ണൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുറുമാത്തൂരിലെ പതിമൂന്ന് വയസുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
2019 മുതൽ കുട്ടി പീഡനത്തിന് ഇരയായിരുന്നു. തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ രാജേഷ് ആണ് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും പിതാവിന് വിധിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ആദ്യഘട്ടത്തിൽ ഒരു ബന്ധുവിന്റെ പേരാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ കൗൺസിലിംഗിനിടെ അച്ഛനാണ് പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിനോട് പറയുകയായിരുന്നു. പിതാവ് അപ്പോഴേയ്ക്കും വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.