കരള്‍ രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും കരളിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ലോകമെങ്ങും കരള്‍ ദിനം ആചരിക്കുന്നത്. കരളിനെ പരിപാലിക്കേണ്ടതിന്റെയും കരള്‍ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താനുള്ള ദിനം കൂടിയാണിത്. കരള്‍ രോഗം എന്നത് കരളിന്റെ ശരിയായി പ്രവര്‍ത്തിക്കാനുള്ള കഴിവിനെ ബാധിക്കുന്ന വിവിധ അവസ്ഥകളെ ഉള്‍ക്കൊള്ളുന്ന ഒരു വിശാലമായ പദമാണ്.
ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. അതിനാല്‍ തന്നെ ശരീരത്തിന്റെ കെമിക്കല്‍ ഫാക്ടറി എറിയപ്പെടുന്നു. ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒരു അവശ്യ അവയവമാണ് കരള്‍.
കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയും കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. അതുപോലെ തന്നെ, ഭക്ഷണം കഴിച്ചയുടൻ തന്നെ മലമൂത്രവിസർജനം നടത്താനുള്ള ആഗ്രഹം കരളിന്റെ പ്രശ്‌നത്തെ സൂചിപ്പിക്കുന്നു. നിങ്ങൾ കഴിക്കുന്നത് ആഗിരണം ചെയ്യാനും ഉപയോഗിക്കാനും കരളിന് കഴിയാത്തതാണ് ഇതിന് കാരണം.
ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ കരളിന്‍റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാനാകും. തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍ അപകടം ഒഴിവാക്കാനാകും.
നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവം ആണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. അതുകൊണ്ടുതന്നെ, കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.
കരളിന്റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ അത് ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും. കരളിന്‍റെ അനാരോഗ്യം കാരണം ഉണ്ടാകുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്‍റെ പ്രധാന ലക്ഷണമാണിത്.
കരളിന്റെ പ്രവര്‍ത്തനം മോശം ആകുമ്പോള്‍, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. പ്രധാനമായും മൂത്രത്തിന്‍റെ നിറവ്യത്യാസമാണ് ഇതിന്‍റെ പ്രധാന ലക്ഷണം. അതിനാല്‍ മൂത്രത്തില്‍ നിറവ്യത്യാസം ഉണ്ടെങ്കില്‍, ഉടനെ ഡോക്ടറെ കാണണം. കരളിന് അസുഖം ബാധിക്കുമ്പോള്‍ ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടാം. ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതുകൊണ്ടാണ് നീര്‍ക്കെട്ട് ഉണ്ടാകുന്നത്.
content highlight: symptoms-of-liver-disease