Kerala

മുന്തിരിത്തോട്ടം വിൽക്കാനുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; ഒളിവിൽ പോയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ | accused in custody after 9 years

സഹോദരിയുടെ വീട്ടിൽ എത്തിയെന്ന് മനസ്സിലാക്കിയ പൊലീസ് തന്ത്രപൂർവം ഇയാളെ വലയിലാക്കുകയായിരുന്നു

കോഴിക്കോട്: മുന്തിരിത്തോട്ടം വിൽക്കാനുണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് മായനാട് സ്വദേശി ബിസ്മില്ല ഖൈർ വീട്ടിൽ കെ അർഷാദിനെയാണ് ടൗൺ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഒമ്പത് വർഷമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

2016ലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മുന്തിരിത്തോട്ടത്തിന്റെ പേര് പറഞ്ഞ് ഇയാൾ ഫറോക്ക് സ്വദേശി കുര്യൻ ജേക്കബിന്റെ പക്കൽ നിന്ന് 47,75,000 രൂപ പലപ്പോഴായി കൈവശപ്പെടുത്തുകയായിരുന്നു. എന്നാൽ കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായതോടെ കുര്യൻ പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ ഉടൻ അർഷാദ് തമിഴ്‌നാട്ടിലേക്ക് മുങ്ങി. വർഷങ്ങളോളം തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ മാറി താമസിച്ച പ്രതി കഴിഞ്ഞ ദിവസം കോഴിക്കോട് മൂഴിക്കലിലെ സഹോദരിയുടെ വീട്ടിൽ എത്തിയെന്ന് മനസ്സിലാക്കിയ പൊലീസ് തന്ത്രപൂർവം ഇയാളെ വലയിലാക്കുകയായിരുന്നു. ‌

എസ്‌ഐ പികെ മനോജ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിലാഷ്, അരുൺ കുമാർ, സിപിഒമാരായ അരുൺ, സുഭിനി എന്നിവരാണ് അർഷാദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.