യുഎഇയിലെ മലയോര മേഖലകളിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തി. ഈ മാസം പകുതിയോടെ റെക്കോർഡ് തണുപ്പ് രേഖപ്പെടുത്തും എന്നാണ് പ്രവചനം. വെയിലിനു പോലും തണുപ്പാണ്. രാത്രിയിലും രാവിലെയുമാണ് യുഎഇയിൽ അസഹ്യമായ തണുപ്പ്. യുഎഇയിൽ അനുഭവപ്പെടുന്ന കൊടും തണുപ്പും സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ യാത്രയെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ജബൽ ജെയ്‌സ്, ജബൽ ഹഫിത്ത് തുടങ്ങിയ മലനിരകളിൽ രാത്രികാല താപനില 1.8 ഡിഗ്രി സെൽഷ്യസ് വരെയായി താഴ്ന്നു. ചിലയിടത്ത് മഞ്ഞു വീഴ്ചയും ശക്തമാണ്. ഷാർജ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ മലനിരകളിലും മരുപ്രദേശങ്ങളിലും പത്തു ഡിഗ്രി സെൽഷ്യസിന് അടുത്താണ് രാത്രികാല താപനില. അൽ ഐനിലും കൊടും തണുപ്പ് അനുഭവപ്പെടുന്നുണ്ട്.
ദുബായ്, അബുദാബി, ഷാർജ നഗരങ്ങളിൽ 15 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയായി താപനില താഴ്ന്നു. തീരപ്രദേശങ്ങളിൽ 20 ഡിഗ്രി സെൽഷ്യസ് ആണ് കൂടിയ താപനില അൽ ദഫ്ര പോലുള്ള മരുഭൂമികളിൽ 10 ഡിഗ്രി സെൽഷ്യസും അൽഐനിൽ 14 ഡിഗ്രി സെൽഷ്യസുമാണ് രാത്രികാലത്ത് രേഖപ്പെടുത്തിയത്. മാസം 15, 16, 17 ദിവസങ്ങളിൽ കൊടും തണുപ്പ് അനുഭവപ്പെടുമെന്നാണ് റിപ്പോർട്ട്. ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിവസങ്ങളാകും ഇത്. ശക്തിയേറിയ ശീതക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.