കുവൈറ്റിൽ പുതിയ താമസ-കുടിയേറ്റകാര്യ നിമയം പ്രാബല്യത്തിൽ വന്നു. കൃത്യസമയത്ത് വിസ പുതുക്കാത്തവർക്ക് വൻ തുക പിഴ ചുമത്തും. വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവർക്ക് രണ്ടായിരം ദിനാർ വരെയാണ് പിഴ ലഭിക്കുക.
കുവൈറ്റിലെത്തുന്ന പ്രവാസികൾ ശ്രദ്ധിച്ചില്ലെങ്കിൽ കടുത്ത പിഴ ലഭിക്കുന്നതാണ് പുതിയ നിയമം. വിസിറ്റ് വിസയിലെത്തുന്നവർക്കും താമസകാർക്കും ജോലിക്കാർ, വ്യവസായികൾ എന്നിവർക്കെല്ലാം നിയമം ബാധകമാണ്. വിസ, താമസ രേഖകൾ എന്നിവയെല്ലാം കൃത്യമായ സമയത്ത് പുതുക്കുകയോ രാജ്യം വിടുകയോ ചെയ്‌തില്ലെങ്കിൽ പിഴ ലഭിക്കും.
സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നാൽ ഓരോ ദിവസവും പത്തു ദിനാർ വീതമാണ് പിഴ ലഭിക്കുക. ഇത്തരക്കാർക്കുള്ള കൂടിയ പിഴ രണ്ടായിരം കുവൈറ്റി ദിനാറാണ്.
നവജാതശിശുവിൻ്റെ പേരു വിവരങ്ങൾ നാലു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ ആദ്യ മാസം ഓരോ ദിവസവും രണ്ടു ദിനാറും തുടർന്നുള്ള മാസങ്ങളിൽ പ്രതിദിനം നാലു ദിനാർ വീതവും പിഴ ചുമത്തും. ഇതിനുള്ള പരമാവധി പിഴയും രണ്ടായിരം കുവൈത്തി ദിനാറാണ്. തൊഴിൽ വിസയിലുള്ളവർ കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ ആദ്യ മാസം ഓരോ ദിവസവും രണ്ടു ദിനാർ വിതമാണ് പിഴ. തുടർന്നുള്ള മാസങ്ങളിൽ പ്രതിദിനം നാലു ദിനാർ വീതം പിഴ ഈടാക്കും. 1200 ദിർഹം വരെയാണ് ഇങ്ങനെ പിഴ ചുമത്തുക. ഗാർഹിക തൊഴിലാളികൾ രേഖകൾ പുതുക്കിയില്ലെങ്കിൽ പ്രതിദിനം രണ്ട് ദിനാർ വീതം പിഴ ലഭിക്കും. പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.