സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയെ ഹര്‍ഷാരവത്തില്‍ നിറച്ച് ചൂരല്‍മല ദുരന്തം അതിജീവിച്ച കുട്ടികളവതരിപ്പിച്ച തകഴിയുടെ വെള്ളപ്പൊക്കത്തില്‍ കഥയുടെ നാടകാവിഷ്‌കരണം. എച്ച് എസ് വിഭാഗം നാടക മത്സരത്തില്‍ നിറകണ്ണുകളോടെയാണ്
കാണികള്‍ നാടകം കണ്ടത്. വയനാട് ദുരന്തത്തില്‍ പൂര്‍ണമായി തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് വെള്ളപ്പൊക്കത്തില്‍ എന്ന നാടകവുമായി കലോത്സവത്തിന് എത്തിയത്.
തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നാടകത്തിന്റെ തിരക്കഥ തയ്യാറാക്കിയത് നാടക പ്രവര്‍ത്തകനും അധ്യാപകനുമായ സി ബി അജയകുമാറാണ് . ജോബ് മഠത്തില്‍ സംവിധാനം ചെയ്ത നാടകത്തില്‍ അമല്‍ ജിത്ത്, നിരഞ്ജന്‍, വൈഗ, നിവേദിത, മുഹമ്മദ് അന്‍സില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുട്ടികളെ നാടക മത്സരത്തിന് പങ്കെടുക്കാനായി ഒരുപാട് ആശയങ്ങള്‍ പരിഗണിച്ചെങ്കിലും തങ്ങളുടെ ജീവിത കഥ തന്നെ നാടകത്തിന്റെ പ്രമേയമായപ്പോള്‍ അത് ഉള്‍ക്കൊള്ളാനും അവതരിപ്പിക്കാനും കുട്ടികള്‍ക്കും ആവേശമായി എന്ന അജയ കുമാര്‍ മാഷ് അഭിപ്രായപ്പെട്ടു. തൊണ്ണൂറോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ട കഥയെ സമകാലിക സംഭവങ്ങളും കൂട്ടി ചേര്‍ത്ത് നാടകമായി അവതരിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ കാലാതീതമായി നിലനില്‍ക്കുന്ന കലയുടെ വിജയമാണ് ഈ നാടകത്തിലൂടെ പ്രകടമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടകത്തില്‍ ചേനന്റെ പട്ടിയായി അഭിനയിച്ച അമല്‍ ജിത്ത് പ്രേക്ഷകരുടെ കരളലിയിക്കുന്ന അഭിനയമാണ് കാഴ്ചവച്ചത്. ചൂരല്‍മല ദുരന്തത്തില്‍ തന്റെ നായ്കുട്ടിയെ നഷ്ട്ടപ്പെട്ട അമലിന് ആ വിഷമത്തില്‍ നിന്നും കര കയറാന്‍ ഏറെ നാളുകള്‍ എടുത്തെന്നും തന്റെ നായയുമായുള്ള അഭേദ്യ ബന്ധമാണ് അരങ്ങില്‍ അഭിനയ മികവായി മാറിയതെന്നും അധ്യാപകര്‍ പറഞ്ഞു. ദുരിതകാലത്ത് തങ്ങളുടെ കൂടെ നിന്ന മലയാളികള്‍ക്കുള്ള സമര്‍പ്പണമാണ് ഈ നാടകം എന്ന് ഉണ്ണി മാഷ് പറഞ്ഞു. ദുരിതമുഖം നേരിട്ട് കണ്ട് പൊട്ടിക്കരയുന്ന ഉണ്ണിമാഷിന്റെ ചിത്രങ്ങള്‍ നൊമ്പരമായി മാറിയിരുന്നു. സബ് ജില്ലാ കലോത്സവ മത്സരത്തിലേക്ക് ദുരന്തം അതിജീവിച്ച 97 കുട്ടികളെയാണ് മത്സരത്തിന് എത്തിച്ചു. കുട്ടികള്‍ ഇപ്പോഴാണ് എല്ലാം മറന്നു തുടങ്ങിയതെന്നും കലയിലൂടെ അവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ഉണ്ണി മാഷ് കൂട്ടിച്ചേര്‍ത്തു. മലയാളികള്‍ തങ്ങളുടെ കൂടെയുണ്ട് എന്നതിന്റെ തെളിവാണ് ഈ നാടകത്തിനു കിട്ടിയ സ്വീകാര്യത എന്ന് നാടകത്തില്‍ അഭിനയിച്ച കുട്ടികള്‍ പറഞ്ഞു.