അക്ഷരങ്ങളുടെ മഹാ സമാഗമത്തിന് വേദിയാകുന്ന മൂന്നാമത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആദ്യ ദിനം ആസ്വാദകർക്ക് പകർന്നു നൽകിയത് ഹൃദ്യമായ കാഴ്ചകള്‍. അക്ഷരങ്ങളുടെ ലോകത്ത് പുതിയൊരു അധ്യായം തുറന്നു കൊണ്ടാണ് നിയമസഭ പുസ്തകോത്സവം പുസ്തക പ്രേമികളെ വരവേല്‍ക്കുന്നത്. അക്ഷരത്തിലൂടെ പുസ്തകത്തെ പഠിക്കാനും അവയെ മനസ്സിലാക്കാനും വരും കാലങ്ങളില്‍ അവയെല്ലാം മനസ്സിലിട്ട് താലോലിക്കാനും നിങ്ങളെ സഹായിക്കുന്ന ഒരു പുസ്തകോത്സവത്തിന്റെ പ്രൗഡോജ്വല തുടക്കത്തിനാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. വായനയാണ് ലഹരി എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന നിയമസഭ പുസ്തകോത്സവതിന്റെ പ്രഥമ ദിനത്തിലെ ജനപങ്കാളിത്തം മാസ്മരികമാണ്. ഒരു മികച്ച വായനക്കാരന്റെ മനസ്സിനെ പാകപ്പെടുത്തിയെടുത്ത് സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു അദൃശ്യകരം പുസ്തകോത്സവ വേദികളില്‍ മിന്നി മറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മേളയില്‍ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം മുകുന്ദന് നിയമസഭാ പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അധ്യക്ഷനായ ചടങ്ങില്‍ കര്‍ണാടക സ്പീക്കര്‍ ഖാദര്‍ ഫരീദ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സാഹിത്യകാരന്‍ ദേവദത്ത് പട്‌നായിക് തുടങ്ങിയവര്‍ പങ്കെടുത്തു. അക്ഷരങ്ങളുടെ ലോകത്തേക്ക് ഓരോരുത്തരേയും ആനയിക്കാന്‍ ആഘോഷമായാണ് മേള തുടങ്ങിയത്. പുസ്തകോത്സവത്തിന്റെ ഭാഗമായി നിയമസഭ പരിസരത്ത് 250 ഓളം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. സര്‍വ്വ മേഖലയില്‍ നിന്നുമുള്ള വിവിധതരം പുസ്തകങ്ങളും സാഹിത്യ രചനകളും ഉള്‍പ്പെടെ വിജ്ഞാനത്തിന്റെ വന്‍ ശേഖരമാണ് പുസ്തകോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്. 166 ഓളം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളെ പുസ്തകങ്ങളുടെ അക്ഷരങ്ങളുടെയും ലോകത്തേക്ക് ആനയിച്ചു കൊണ്ട് ഒരുക്കിയിരിക്കുന്ന സ്റ്റുഡന്‍സ് കോര്‍ണര്‍ വ്യത്യസ്തമാണ്. വിജ്ഞാനത്തോടൊപ്പം വിനോദവും കുട്ടികളുടെ പങ്കാളിത്തവും ലക്ഷ്യമിട്ടുകൊണ്ടാണ് സ്റ്റുഡന്‍സ് കോര്‍ണര്‍ ഒരുക്കിയിരിക്കുന്നത്. വായനയെക്കൊപ്പം കുട്ടികള്‍ക്ക് അനുഭവങ്ങളുടെ ഒരു പുത്തന്‍ ശ്രണിയാണ് സ്റ്റുഡന്‍സ് കോര്‍ണര്‍ ഒരുക്കുന്നത്. ഇവിടെ ആദ്യദിനം തന്നെ ഇവിടെ വിവിധ പരിപാടികള്‍ അരങ്ങേറി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആണ് സ്റ്റുഡന്‍സ് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തത്. വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങളും, അവരുടെ കലാവാസനകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു വേദിയും അതോടൊപ്പം ഗുരു തുല്യരായ മികച്ച പ്രഭാഷകന്മാരുടെയും അധ്യാപകരുടെയും ക്ലാസുകളും സ്റ്റുഡന്‍സ് കോര്‍ണറില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ കുട്ടികളുടെ അവകാശങ്ങള്‍ ചില ഇമ്മിണി വലിയ കാര്യങ്ങള്‍, എ ഐ ലോകത്തെ സ്‌കൂള്‍ ജീവിതം, ബാലസാഹിത്യം എഴുത്തിന്റെ വഴികള്‍ എന്നീ വിഷയങ്ങളില്‍ പ്രഗല്‍ഭര്‍ ക്ലാസുകള്‍ എടുത്തു. മാര്‍ ഇവാനിയോസ് കോളേജിലെ ആലു കൃഷ്ണ എ എല്‍ രചിച്ച കണ്ടതും കേട്ടതും വന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പപ്പറ്റ് ഷോയും, മാജിക് ഷോയും, ഒറിഗാമി ക്ലാസുകളും അരങ്ങേറി.
കെഎല്‍ഐബിഎഫ് ടാക്കില്‍ ചിന്തകനും സാഹിത്യകാരനുമായ ദേവദത്ത് പട്‌നായിക് ‘എന്തുകൊണ്ടാണ് പുരാണങ്ങള്‍ ചരിത്രത്തെക്കാള്‍ പ്രാധാന്യം നല്‍കുന്നു’ എന്ന വിഷയത്തില്‍ സംസാരിച്ചു. കെഎല്‍ഐബിഎഫ് ഡയലോഗ് സെഷനില്‍ പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക ‘പരമ്പരാഗത നൃത്തത്തിലെ നവീന ദര്‍ശനങ്ങള്‍’ എന്ന വിഷയം അവതരിപ്പിച്ചു. മീറ്റ് ദി ഓഥറില്‍ എ മുകുന്ദനും, ബുള്‍ഡോസര്‍ രാഷ്ട്രീയവും ഇന്ത്യന്‍ ഭരണഘടനയും’ എന്ന വിഷയത്തില്‍ വൃന്ദ കാരാട്ട് സംസാരിച്ചു.
നജീബ് കാന്തപുരം എംഎല്‍എ രചിച്ച പച്ച ഇലകള്‍ പുസ്തകം സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പിക്കു നല്‍കി പ്രകാശനം ചെയ്യുന്നു. ഡോ. ടി എം തോമസ് ഐസക് രചിച്ച കോരന് കഞ്ഞി കുമ്പിളില്‍ തന്നെ നിയോ ലിബറല്‍ കാലത്തെ സാമ്പത്തിക നീതി പുസ്തകം ബൃന്ദ കാരാട്ട് ആര്‍ രാജഗോപാലിനു നല്‍കി പ്രകാശനം ചെയ്യുന്നു. ബൃന്ദ കാരാട്ട് രചിച്ച ഇന്ത്യന്‍ വര്‍ഗീയ ഫാസിസവും സ്ത്രീകളും പുസ്തകം ബീനാ പോള്‍ ഡോ. ടി എന്‍ സീമക്കു നല്‍കി പ്രകാശനം ചെയ്യുന്നു, കെ.എ ബീന രചിച്ച ആ കസേര ആരുടേതാണ് പുസ്തകം ഡോ ടി. എം തോമസ് ഐസക് ആര്‍ രാജഗോപാലിന് നല്‍കി പ്രകാശനം ചെയ്യുന്നു. ഇ.ടി. മുഹമ്മദ് ബഷീറിന്റെ, പറയാതെ വയ്യ. എന്ന പുസ്തകം എം.കെ മുനീര്‍ എഎല്‍എ പ്രകാശനം ചെയ്യുന്നു. വേദി നാലിലും അഞ്ചിലുമായി നിരവധി പുസ്തകങ്ങളുടെ പ്രകാശനംനടന്നു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ ഹാള്‍ 5സിയില്‍ ഉച്ചയ്ക്ക് 1 മുതല്‍ പുസ്തക ചര്‍ച്ച നടന്നു. രാത്രിയില്‍ കൈരളി ടിവിയുടെ നേതൃത്വത്തിലുള്ള മെഗാ ഷോയും നടന്നു.