സ്ത്രീകൾക്ക് ഹൃദ്രോഗം ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് സ്ത്രീകളിൽ ഹൃദ്രോഗം കണ്ടുപിടിക്കുന്നത് വളരെ വൈകിയാണ്. 30 വയസ്സ് കഴിഞ്ഞാൽ സ്ത്രീകളിൽ വർഷംതോറും ഹെൽത്ത് ചെക്കപ്പ് അനിവാര്യമാണ്. അതുപോലെ 50 വയസ്സു കഴിഞ്ഞാൽ ആറുമാസം കൂടുംതോറും ഹെൽത്ത് ചെക്കപ്പ് വേണം. ഇതുവഴി വരുന്ന അസുഖങ്ങൾ നേരത്തെ കൂട്ടി കണ്ടുപിടിക്കാൻ സാധിക്കും.
ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, ജനിതകം, പ്രായം, അമിതവണ്ണം, പുകവലി തുടങ്ങിയ ഘടകങ്ങളാണ് സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നത്. ഇത് കൂടാതെ ആർത്തവവിരാമവും ഗർഭനിരോധന ഗുളികകളുടെ അമിത ഉപയോഗവും സ്ത്രീകളിൽ ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
ഹൃദയാഘാത ലക്ഷണങ്ങൾ
സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ സാധാരണമായ ലക്ഷണമാണ്. എന്നാൽ സ്ത്രീകളിൽ ഇതിനു പുറമേ ഓക്കാനവും കഴുത്തിലും പുറത്തും വേദനയും അനുഭവപ്പെടാം. ഹൃദയാഘാതം കൊണ്ടുള്ള നെഞ്ചുവേദന സ്ത്രീകളിൽ ഒരു മുറുക്കവും സമ്മർദവും പോലെയാകും അനുഭവപ്പെടുക. ദഹനമില്ലായ്മ അല്ലെങ്കിൽ ഗ്യാസിന്‍റേതു പോലെയുള്ള വേദനയും അനുഭവപ്പെടാം.
ഹൃദ്രോഗങ്ങൾ
കൊറോണറി ആർട്ടറി ഡിസീസ്
ഹൃദയത്തിലെ പേശികൾക്ക് ആവശ്യമായ അളവിൽ രക്തവും ഓക്സിജനും ലഭിക്കാത്തതു മൂലം ഉണ്ടാകുന്ന അവസ്ഥയാണ് കൊറോണറി ആർട്ടറി ഡിസീസ്. ഹൃദയത്തിൽ രക്തമെത്തിക്കുന്ന ധമനികളുടെ ആന്തരികപാളികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് (കൊളസ്ട്രോൾ) ഇതിന് കാരണം. അതിന്‍റെ ഫലമായി ധമനികൾ സങ്കോചിക്കുന്നു. കൊറോണറി ആർട്ടറി രോഗം മൂലം നെഞ്ചിൽ കടുത്ത വേദനയോ ഹൃദയാഘാതമോ ഉണ്ടാവാം.
വാൽവുലാർ ഹാർട്ട് ഡിസീസ്
ഹൃദയ വാൽവുകൾ തകരാറിലായാല്‍ ഹൃദയത്തിന് ശരീരത്തിലുടനീളം ഫലപ്രദമായി രക്തം പമ്പ് ചെയ്യാൻ കഴിയില്ല. ഇത് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാകും. നേരത്തെ കണ്ടെത്തിയാൽ വാൽവ് മാറ്റിവെക്കലിലൂടെ ഭേദമാക്കാവുന്നതാണ്.
കൺജസ്റ്റീവ് ഹാർട്ട് ഫെയിലർ
ഹൃദയത്തിന് ആവശ്യമായ രക്തം വേഗത്തിൽ പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ ദീർഘകാല അവസ്ഥയാണ് കൺജസ്റ്റീവ് ഹാർട്ട് ഫെയിലർ (CHF). ഹൃദയത്തിന് ആവശ്യമായ രക്തത്തിന്റെ അളവ് കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ രക്തം അടിഞ്ഞു കൂടുന്നു.
content highlight : heart-diseases-in-women-heart-attack-symptoms