India

ഭിന്നശേഷിക്കാരിയായ മകൾ, നാലംഗകുടുംബത്തിന്റെ കൂട്ടമരണത്തിന് പിന്നിൽ സാമ്പത്തികബാധ്യതയും – bengaluru techie youth and family death

ബെംഗളൂരു നഗരത്തെ ഞെട്ടിച്ച നാലംഗകുടുംബത്തിന്റെ കൂട്ടമരണത്തിന് പിന്നില്‍ സാമ്പത്തികപ്രയാസങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളെന്ന് പോലീസ്. വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നവും ഭിന്നശേഷിക്കാരിയായ മകളെക്കുറിച്ചുള്ള വിഷമവും കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരിക്കാമെന്നും പോലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശികളായ അനൂപ്കുമാര്‍, ഭാര്യ രാഖി ഇവരുടെ അഞ്ചുവയസ്സുള്ള മകളെയും രണ്ടുവയസ്സുള്ള മകനെയുമാണ് കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. ബെംഗളൂരു ആര്‍.എം.വി. സെക്കന്‍ഡ് സ്റ്റേജിലെ വാടകവീട്ടിലായിരുന്നു സംഭവം. മക്കളെ രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ ആത്മഹത്യചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്റായി ജോലിചെയ്തിരുന്ന അനൂപ്കുമാര്‍ 45 ദിവസം മുമ്പ് ജോലിയില്‍നിന്ന് രാജിവെച്ചിരുന്നു. ബെംഗളൂരുവില്‍നിന്ന് പൂണെയിലേക്ക് താമസം മാറ്റാനും കുടുംബം ആലോചിച്ചിരുന്നു. ഇതിനിടെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച കൂട്ട ആത്മഹത്യയുണ്ടായത്. സംഭവത്തിന് മുമ്പ് അനൂപ്കുമാര്‍ ആത്മഹത്യയ്ക്കുള്ള കാരണങ്ങള്‍ വിശദീകരിച്ച് സഹോദരന് ഇമെയില്‍ അയച്ചിരുന്നതായാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് നാലുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.

STORY HIGHLIGHT: bengaluru techie youth and family death