അങ്ങനെ കാത്തു കാത്തിരുന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കേരളത്തിൽ നിന്നും ദൃശ്യമായി. കണ്ടവരെല്ലാം വീഡിയോ പകർത്തിയടക്കം ആഹ്ലാദം പങ്കിട്ടു. എന്നാൽ കാണാത്തവർ നിരാശരാകേണ്ടതില്ല. ബഹിരാകാശ നിലയം കേരളത്തിന് മുകളിൽ ഉടനെ വീണ്ടുമെത്തും. നാളെ പുലർച്ചെയും മറ്റന്നാളും കേരളത്തിൻ്റെ ആകാശത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാൻ സാധിക്കും.
ഇന്ന് രാത്രി 7.21 നും 7.28 നും ഇടയിലാണ് കേരളത്തിൻ്റെ ആകാശത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്തിയത്. സഞ്ചരിക്കുന്ന നക്ഷത്രം പോലെയുള്ള ബഹിരാകാശ നിലയത്തിൻ്റെ ദൃശ്യം നിരവധി പേർക്ക് കാണാൻ സാധിച്ചിരുന്നു. ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ വലിപ്പമുള്ള ഈ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമാണ് കണക്കാക്കുന്നത്. 4.5 ലക്ഷം കിലോഗ്രാമാണ് ഈ നിലയത്തിൻ്റെ ഭാരം കണക്കാക്കുന്നത്.
ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം മണിക്കൂറിൽ 27000 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. കേരളത്തിന് മുകളിൽ ഇനി നാളെ പുലർച്ചെ 5.21 നും ജനുവരി ഒൻപതാം തീയ്യതി പുലർച്ചെ 6.07 നും അന്താരാഷ്ട്ര ബഹിരാകാശ നിലയം വീണ്ടുമെത്തും. ബഹിരാകാശ പര്യവേഷണത്തിനായി അമേരിക്കയിലെ നാസ അയച്ച ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ആറ് മാസമായി കഴിയുന്നത് ഈ നിലയത്തിലാണ്.
STORY HIGHLIGHTS: international-space-station-above-kerala-when-where-and-how-all-you-need-to-know