കൊല്ലം വെസ്റ്റ് പൊലീസ് പരിധിയില്‍ വെള്ളയിട്ടമ്പലം ജംഗ്ഷനില്‍ നടത്തിയ പരിശോധനയില്‍ വിവിധ സ്കൂളുകളിലെ കുട്ടികളുമായി വന്ന സ്വകാര്യ വാഹാനത്തിന്‍റെ ഡ്രൈവര്‍ മദ്യാപിച്ചതായി കണ്ടെത്തി. ഡ്രൈവറെ അറസ്റ്റ് ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികളെ വെസ്റ്റ് പോലീസ് ഡ്രൈവര്‍ സിപിഒ ഷമീര്‍ എം അതേ വാഹനത്തില്‍ തന്നെ സ്കൂളിലെത്തിച്ചു.
കൊല്ലം സിറ്റി പൊലീസ് മേധാവി ചൈത്ര തെരേസയുടെ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നത്തിന്‍റെ ഭാഗമായിട്ടായിരുന്നു സ്കൂള്‍ വാഹനങ്ങളില്‍ പൊലീസ് പരിശോധന നടത്തിയത്. നഗരത്തിലെ 33 സ്ഥലങ്ങളിലായി 551 വാഹനങ്ങളുടെ ലൈസന്‍സ്, മതിയായ സുരക്ഷ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നിവ പൊലീസ് പരിശോധിച്ചു.
കണ്ണനല്ലൂര്‍ പൊലീസിന്‍റെ പരിശോധനയില്‍ വിദ്യാര്‍ഥികളുമായ പോയ സ്വകാര്യ സ്കൂളിലെ വാഹനത്തിന്‍റെ ഡ്രൈവറെയും മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തു. മദ്യപിച്ചു പിടിയിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. 15 ഇന്‍സ്പെക്ടര്‍മാരും 40 എസ്ഐമാരുമടക്കം 150 ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ ഈ പരിശോധനയില്‍ പങ്കെടുത്തു.
STORY HIGHLIGHT: private vehicle driver arrested in kollam