തിരുവനന്തപുരം: സ്വർണക്കപ്പിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിന്റെ സൂപ്പർ ക്ലൈമാക്സുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു സമാപനം. 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്താണ്. തൊട്ടു പിന്നിൽ 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത് ഉണ്ട്. മത്സരങ്ങളെല്ലാം ഉച്ചയ്ക്കു രണ്ടോടെ പൂർത്തിയാകുമെന്നും അപ്പീലുകൾ 3.30നു മുൻപു തീർപ്പാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
അവസാന ദിനമായ ഇന്ന് ഹയർ സെക്കന്ററി വിഭാഗം ആൺ കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ്, ഹൈസ്ക്കൂൾ വിഭാഗം കഥാ പ്രസംഗം തുടങ്ങിയ മത്സരങ്ങൾ ഉണ്ട്. 5നാണ് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ (എംടി – നിള) സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. നടൻമാരായ ആസിഫ് അലിയും ടൊവിനോ തോമസുമാണു മുഖ്യാതിഥികൾ. ജേതാക്കൾക്കുള്ള സ്വർണക്കപ്പും മാധ്യമ പുരസ്കാരങ്ങളും മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും. സ്വർണക്കപ്പ് രൂപകൽപന ചെയ്ത ചിറയിൻകീഴ് ശ്രീകണ്ഠൻ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരിയെയും ആദരിക്കും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിക്കും. സ്പീക്കർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.