ബെംഗളൂരു: പാലക്കാട് സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി കഴിഞ്ഞ വർഷം കോളജ് കെട്ടിടത്തിൽ നിന്നു വീണു മരിച്ച സംഭവം പുനരന്വേഷിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് നടപടി. സ്വകാര്യ നഴ്സിങ് കോളജിലെ ബിഎസ്‌സി ഒന്നാം വർഷ വിദ്യാർഥിനി പുതുക്കോട് ഗംഗാധരന്റെ മകൾ അതുല്യ (19) ഹോസ്റ്റലിന്റെ 6–ാം നിലയിൽ നിന്ന് വീണു മരിച്ചെന്നാണ് അധികൃതർ അറിയിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ഭാരതീയ നഴ്സസ് ആൻഡ് അലൈഡ് സംഘ് ഭാരവാഹികളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയിരുന്നു. കോളജ് അധികൃതർ വിവരങ്ങൾ മൂടിവച്ചതുകൊണ്ടാണ് പുനരന്വേഷണം ആവശ്യപ്പെട്ടതെന്ന് അതുല്യയുടെ അമ്മ ബിജിത പറഞ്ഞു.