തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ വിജിലൻസ് അന്വേഷണം പൂർത്തിയായി. പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവില്ലെന്നു കാട്ടി, അജിത്തിനു ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷിബു പാപ്പച്ചൻ കഴിഞ്ഞ ദിവസം സമർപ്പിച്ചതെന്നാണു സൂചന. വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ഡിജിപിക്കു കൈമാറും.
അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ വീടു നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിക്കൽ, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് അജിത്കുമാറിനെതിരെ അൻവർ ആരോപണങ്ങളുന്നയിച്ചത്. ബാങ്ക് വായ്പയെടുത്താണു വീട് നിർമിച്ചതെന്നും വിശദാംശങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ചോദ്യംചെയ്യലിൽ അജിത് വ്യക്തമാക്കിയിരുന്നു. മരംമുറി ഇടപാട്, സ്വർണക്കടത്ത് എന്നിവയിൽ അജിത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ കണ്ടെത്താനായില്ല.
കുറവൻകോണത്ത് വാങ്ങിയ ഫ്ലാറ്റ് സ്വന്തം പേരിൽ റജിസ്റ്റർ ചെയ്യാൻ വൈകിയതിലും പിന്നീട് മറിച്ചുവിറ്റതിലും മാത്രമാണ് അജിത്തിനെതിരെ കാര്യമായ അന്വേഷണത്തിലേക്ക് വിജിലൻസ് കടന്നത്. ഇതിൽ അഴിമതി നടന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലെന്നാണു വിവരം.