ന്യൂഡൽഹി: ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് ആരംഭിക്കുന്ന 18–ാം പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. 50 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. 1915 ൽ മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ ഓർമ നിലനിർത്തിയാണ് ജനുവരി 9 പ്രവാസി ഭാരതീയ ദിവസമായി ആഘോഷിക്കുന്നത്. കരീബിയൻ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പ്രസിഡന്റ് ക്രിസ്റ്റിൻ കാർല കാങ്ഗലു വെർച്വലായി ചടങ്ങിൽ പങ്കെടുക്കും. 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിക്കും.‘വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവനകൾ’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.