ജറുസലം: അവശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കാൻ ഇസ്രയേൽ ഗാസ ആക്രമണം പൂർണമായി അവസാനിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് ഹമാസ്. ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേലും വ്യക്തമാക്കിയതോടെ ദോഹ സമാധാനചർച്ച വഴിമുട്ടി. ജോ ബൈഡൻ സ്ഥാനമൊഴിയും മുൻപേ ഗാസ വെടിനിർത്തൽ പ്രഖ്യാപനത്തിനായി യുഎസ് മുൻകയ്യെടുത്താണു ചർച്ച തുടരുന്നത്. 20നു മുൻപ് ബന്ദികളെ വിട്ടിട്ടില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി അതിരുകടന്നെന്നും ഹമാസ് പ്രതികരിച്ചു.
ഹമാസിനെ ഇല്ലാതാക്കി ബന്ദികളെ മുഴുവനായും മോചിപ്പിച്ചശേഷമേ സൈന്യം ഗാസയിൽനിന്നു പിൻവാങ്ങൂ എന്നാണ് ഇസ്രയേൽ നിലപാട്. ഗാസയിൽനിന്ന് സൈന്യം പൂർണമായി പിൻവാങ്ങണമെന്നു ഹമാസും ആവശ്യപ്പെടുന്നു. അതിനിടെ, ഗാസയിലെങ്ങും ഇസ്രയേൽ തുടരുന്ന കനത്ത ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 31 പലസ്തീൻകാർ കൊല്ലപ്പെട്ടു. 57 പേർക്കു പരുക്കേറ്റു. അധിനിവേശ വെസ്റ്റ്ബാങ്കിൽ കുടിയേറ്റക്കാരായ 3 ഇസ്രയേലുകാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ പതിനെട്ടുകാരൻ അടക്കം 3 പലസ്തീൻകാർ കൊല്ലപ്പെട്ടു.