Kerala

മട്ടന്നൂരിൽ കാര്‍ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി അപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം | mattannur accident

കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം

മട്ടന്നൂര്‍: കാര്‍ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മരിച്ച ബീനയുടെ മകൻ ആൽബിൻ, ഭർത്താവ് ബെന്നി എന്നിവരാണ് ചികിത്സയിലുള്ളത്.

രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയില്‍ മട്ടന്നൂര്‍ – ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കാര്‍ ഇരിട്ടി ഭാഗത്തേക്കാണ് പോയിരുന്നത്. ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയ സമയത്ത് നിയന്ത്രണം വിട്ടുവന്ന കാര്‍ ബസിലേക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

അഗ്നിരക്ഷാസേന എത്തി വളരെ പണിപ്പെട്ടാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മട്ടന്നൂര്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാറില്‍ ഉണ്ടായിരുന്ന ആല്‍ബിന്റെ കല്യാണം ഈ മാസം 11-നായിരുന്നു നടത്താന്‍ നിശ്ചയിച്ചിരുന്നത്. കല്യാണവസ്ത്രങ്ങള്‍ എടുക്കാന്‍ എറണാകുളം പോയി വരുന്നവഴിയാണ് അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

CONTENT HIGHLIGHT: mattannur accident