ചിക്കന്‍ കിട്ടിയാൽ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ, കിടിലൻ സ്വാദാണ്! ഒരു കിടിലൻ ചിക്കന്‍ ഫ്രൈയുടെ റെസിപ്പി. വളരെ കുറച്ച് ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കാൻ.
ആവശ്യമായ ചേരുവകൾ
- 1/2 കി.ഗ്രാം കോഴിയിറച്ചി
- 2 എണ്ണം അരിഞ്ഞ ഉള്ളി
- 1 എണ്ണം അരിഞ്ഞ തക്കാളി
- 5 എണ്ണം പച്ച മുളക്
- 2 ടേബിള്‍സ്പൂണ്‍ മുളകുപൊടി
- 2 ടീസ്പൂണ്‍ നാരങ്ങാനീര്
- ആവശ്യത്തിന് ഇഞ്ചി പേസ്റ്റ്
- ആവശ്യത്തിന് വെളുത്തുള്ളി പേസ്റ്റ്
- ആവശ്യത്തിന് ഗരം മസാലപ്പൊടി
- ആവശ്യത്തിന് ശുദ്ധീകരിച്ച എണ്ണ
തയ്യാറാക്കുന്ന വിധം
മുളക്‌പൊടിയും മല്ലിപ്പൊടിയും ഒരു പാനില്‍ എടുത്ത് ഏകദേശം രണ്ട് മിനിറ്റോളം ഡ്രൈ റോസ്റ്റ് ചെയ്ത് മാറ്റി വെക്കുക. ഇതേ പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഇനി അരിഞ്ഞ സവാള ചേര്‍ത്ത് നന്നായി വഴറ്റണം. പച്ചമുളക്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് 3-4 മിനിറ്റ് വഴറ്റുക. ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ചേര്‍ത്ത് ഇളക്കി രണ്ട് മിനിറ്റ് നന്നായി പാകം ചെയ്യുക. അല്പം ഗരം മസാല കൂടെ ചേര്‍ത്ത് ഇളക്കുക.
നേരത്തെ കഴുകി മഞ്ഞള്‍ പുരട്ടി വെച്ച ചിക്കന്‍ ഇതിലേയ്ക്ക് ചേര്‍ക്കുക. എല്ലാം നാന്നായി യോജിപ്പിക്കുക. ഇനി നേരത്തെ റോസ്റ്റ് ചെയ്ത് വെച്ച മുളക്‌പൊടി-മല്ലിപ്പൊടി കൂട്ട് ഇതിലേയ്ക്ക് ചേര്‍ക്കുക. നാരങ്ങാനീരും ചേര്‍ത്ത് എല്ലാം നന്നായി ഇളക്കണം. ഇനി അരിഞ്ഞ തക്കാളി ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് എല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം.
ഇനി പാന്‍ അടച്ച് വെച്ച് 10-15 മിനിറ്റ് വരെ നന്നായി പാകം ചെയ്യുക. ഇടയ്ക്ക് അടപ്പ് തുറന്ന് ഒന്ന് കൂടെ ഇളക്കിയിടുക. ചിക്കന്‍ വെന്തില്ലെങ്കില്‍ വീണ്ടും ഒരു നാലഞ്ച് മിനിറ്റ് കൂടെ പാകം ചെയ്യാം. ചിക്കന്‍ ഫ്രൈ ഇവിടെ തയ്യാറായിട്ടുണ്ട്. ഇത് കുറച്ച് മല്ലിയില കൂടെ ചേര്‍ത്ത് അലങ്കരിച്ച് സൈഡ് ഡിഷ് ആയോ സ്റ്റാര്‍ട്ടര്‍ ആയോ കഴിക്കാം.