India

ആര്‍മി ക്യാപ്റ്റനെന്ന പേരിൽ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കും; പിന്നാലെ ലക്ഷങ്ങള്‍ തട്ടിയെടുക്കും; കേരളത്തിലടക്കം സെക്യൂരിറ്റിയായി ജോലി ചെയ്തയാൾ പിടിയിൽ | man who pretended to be an army caption arrested

നേരിട്ടുള്ള കണ്ടുമുട്ടലിനിടെ സംശയം തോന്നിയ ഈ സ്ത്രീ പോലീസിനെ സമീപിച്ചതോടെയാണ് ഹൈദര്‍ അലി വലയിലായത്

ലഖ്‌നൗ (യു.പി): ആര്‍മി ക്യാപ്റ്റനായി വേഷമിട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്തയാൾ പിടിയിൽ. ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ നിന്നുള്ള ഹൈദര്‍ അലി (40) ആണ് പിടിയിലായത്. ആര്‍മി മെഡിക്കല്‍ കോര്‍പ്സിലെ ഓഫീസറായ ഹാര്‍തിക് ബെഗ്ലോ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാള്‍ സ്ത്രീകളെ ബന്ധത്തിലേക്ക് ആകര്‍ഷിക്കുമെന്ന് പോലീസ് പറഞ്ഞു.

പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് അവരോട് പണം ചോദിക്കും. പണം കിട്ടിയാല്‍ എല്ലാ ആശയവിനിമയങ്ങളും അവസാനിപ്പിച്ച് മറ്റൊരു സംസ്ഥാനത്തേക്ക് മാറി അടുത്ത ഇരയെ തേടുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ സെക്യൂരിറ്റി സ്ഥാപനങ്ങളില്‍ ഇയാള്‍ ജോലി ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തി സമ്പാദിച്ച പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഹൈദര്‍ അലി നയിച്ചിരുന്നത്. ലഖ്‌നൗവില്‍ വെച്ച് കണ്ടുമുട്ടിയ ഒരു സ്ത്രീയെ സമാനമായ രീതിയില്‍ വശീകരിക്കാന്‍ ശ്രമം നടത്തിയിരുന്നു. നേരിട്ടുള്ള കണ്ടുമുട്ടലിനിടെ സംശയം തോന്നിയ ഈ സ്ത്രീ പോലീസിനെ സമീപിച്ചതോടെയാണ് ഹൈദര്‍ അലി വലയിലായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹൈദരബാദ്, കേരളം, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ നിരവധി നഗരങ്ങളിലെ സെക്യൂരിറ്റി സ്ഥാപനങ്ങളില്‍ ഹൈദര്‍ അലി ജോലി ചെയ്തിരുന്നതായി കണ്ടെത്തി. ഇവിടങ്ങളിലെല്ലാം ഇയാള്‍ സ്ത്രീകളെ ലക്ഷ്യമിട്ട് ഇത്തരത്തില്‍ തട്ടിപ്പിന് ശ്രമിച്ചിരുന്നതായും യുപി പോലീസ് വ്യക്തമാക്കി.

‘Indiancammandoharik’, ‘armanbeglo’, ‘armybeglo’, ‘soldiers3889’ തുടങ്ങിയ പേരുകളില്‍ ഇയാള്‍ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുണ്ട്. ഇതില്‍ സൈനിക യൂണിഫോമിലുള്ള നിരവധി ചിത്രങ്ങളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സൈനിക യൂണിഫോം, ത്രീസ്റ്റാര്‍ ഫ്‌ളാപ്‌സ്, സൈനിക ഉദ്യോഗസ്ഥരുടെ തൊപ്പി, വ്യാജ ആധാര്‍കാര്‍ഡ്, ആര്‍മി കാന്റീന്‍ കാര്‍ഡ് തുടങ്ങിയ നിരവധി വസ്തുക്കളും പോലീസ് ഹൈദര്‍ അലിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് അന്വേഷിച്ച് വരികയാണ്.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട് കബളിപ്പിച്ച ശേഷം പണം തട്ടിയെന്നാണ് പരാതിക്കാരി പോലീസിനോട് പറഞ്ഞതെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ‘ഞങ്ങള്‍ അവനെ പിടികൂടി ചോദ്യം ചെയ്തു. അവന്റെ യഥാര്‍ത്ഥ പേര് ഹൈദര്‍ അലി ബേഗ് എന്നാണ്.ഹാര്‍ദിക് ബെഗ്ലോ എന്ന് സ്വയം പരിചയപ്പെടുത്തുകയും നിരവധി സ്ത്രീകളുമായി ബന്ധങ്ങളുണ്ടാക്കി വശീകരിച്ച് കബളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ ഇരകളാക്കിയ സ്ത്രീകളെ കണ്ടെത്താന്‍ ഞങ്ങള്‍ അവന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച് വരികയാണ്’ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

CONTENT HIGHLIGHT: man who pretended to be an army caption arrested