Kerala

നിയമസഭ പുസ്തകോത്സവം; ഭരണഘടന കാലാനുസൃതമായി പരിഷ്‌കരിക്കണം, ‘സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം’ ചര്‍ച്ച നവ്യാനുഭവമായി മാറി

രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യ എന്ന വികാരത്തിനുമുന്നില്‍ ഒറ്റക്കെട്ടാണെന്ന് വിളിച്ചോതി നിയമസഭാ പുസ്തകോത്സവത്തിലെ പാനല്‍ ചര്‍ച്ച. സര്‍ക്കാരുകളോടും നയങ്ങളോടും വിയോജിക്കുമ്പോഴും ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനില്‍ക്കണം എന്ന ഒറ്റ കാഴ്ചപ്പാടില്‍ അവര്‍ അവരവരുടെ രാഷ്ട്രീയം ഉറപ്പിച്ചുനിര്‍ത്തി. ‘സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എംഎല്‍എമാരായ രമേശ് ചെന്നിത്തല, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ക്കുപുറമെ രാഷ്ട്രീയ നേതാവായ പി കെ കൃഷ്ണദാസും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ജോണ്‍ ബ്രിട്ടാസ് എംപി മോഡറേറ്ററായി.

ഭരണഘടന കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന് ഏക സ്വരത്തില്‍ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഭരണഘടനയെ കാവിവല്‍ക്കരിക്കാനാണ് നിലവിലെ ശ്രമമെന്ന ആശങ്ക എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ പങ്കുവെച്ചു. ഐക്യം തകര്‍ക്കുന്ന ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ രാജ്യം അംഗീകരിക്കില്ല. സമൂഹത്തെയും ജീവിതത്തെയും മുന്നോട്ട് കൊണ്ടുപോകുന്ന ജനാധിപത്യ സംവിധാനം നിലനിര്‍ത്താനുള്ള ഭരണഘടന ഭേദഗതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനതയെ ഒരു പ്രത്യേക ദിശയിലേക്ക് മാത്രം നടത്താന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഏക സിവില്‍ കോഡും പൗരത്വ ഭേദഗതിയും മറ്റും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഉജ്ജ്വലമായ ഭൂതകാലത്തിലൂന്നി വേണം വര്‍ത്തമാന ഇന്ത്യ പുനര്‍സൃഷ്ടിക്കാന്‍. സമ്പത്തിന്റെ ധ്രുവീകരണമാണ് നിലവില്‍ നടക്കുന്നത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നത് വെച്ച് രാജ്യം പുരോഗമിക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണ്. രാജ്യത്ത് ദരിദ്രരുടെ എണ്ണം വര്‍ധിക്കുകയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും മാനിക്കുന്ന മതനിരപേക്ഷ കാഴ്പ്പാടുള്ളവരുമായി ചേര്‍ന്ന് വര്‍ഗീയതയെ ചെറുക്കുകയാണ് തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ജനാധിപത്യവും മതേതരത്വവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്നും അടിസ്ഥാനഘടനയ്ക്ക് മാറ്റം വരാത്ത രീതിയിലാണ് ഭരണഘടന പരിഷ്‌കരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല എംഎല്‍എ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഫെഡറലിസത്തെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന നടപടികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ അതിനായി ഉപയോഗിക്കുന്നു. അതിനാല്‍ ബാലറ്റ് പേപ്പര്‍ മടങ്ങിവന്നേ മതിയാകൂ. ലോകത്ത് ആകെ ആറുരാജ്യങ്ങള്‍ മാത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ആളുകള്‍ക്ക് വിശ്വാസമില്ലാതാക്കുന്ന രീതിയില്‍ എത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിശക്തമായ ജനാധിപത്യബോധം നാം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല എംഎല്‍എ ഓര്‍മിപ്പിച്ചു.

ജനാധിപത്യത്തെ പൂര്‍ണമായി കശാപ്പുചെയ്യുകയാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെന്നും അഗ്‌നിശുദ്ധി വരുത്തിയ രാഷ്ട്രീയമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നുമാണ് പി കെ കൃഷ്ണദാസിന്റെ അഭിപ്രായം. യുഗാനുകൂലവും കാലാനുകൂലവുമായി ഭരണഘടന മാറ്റണം. ചിലരുടെ സ്വപ്നങ്ങള്‍ തകരുമെന്നല്ലാതെ ആരാധനാലയങ്ങള്‍ തകര്‍ക്കില്ലെന്നും ഇന്ത്യയുടെ പൈതൃകം അതാണെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ഭയത്തിന്റെ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തും പുതിയ ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പിന്തുണയുമാണ് തങ്ങള്‍ക്ക് ലഭിക്കുന്നത്. ഭൂതകാലത്തെ മറക്കുകയല്ല, പാഠം പഠിച്ച് വര്‍ത്തമാനകാല രചന നടത്തി ഭവ്യമായ ഭരണം നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയധാരകള്‍ സമന്വയിച്ച ആരോഗ്യകരമായ ചര്‍ച്ചകള്‍ തുടരണമെന്ന് മോഡറേറ്റര്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.