Kerala

റോഡ് കയ്യേറി സ്റ്റേജ് കെട്ടി വനിതാശാക്തീകരണ പരിപാടി; ഗതാഗതക്കുരുക്ക് ഉണ്ടാക്കിയിട്ടും ഉദ്ഘാടനം ചെയ്ത് എസ്പി, റിപ്പോർട്ട് തേടാൻ തീരുമാനം | ncroached the road and built a stage

റോഡിന് എതിർവശത്ത് നടപ്പാത വരെ കസേരകൾ ഇട്ടതോടെ കാൽ നട യാത്രക്കാരടക്കമുള്ള സകലരും കുടുങ്ങി

തിരുവനന്തപുരം: റോഡിൽ സ്റ്റേജ് കെട്ടിയ ഗതാഗത തടസ്സം ഉണ്ടാക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടാൻ തീരുമാനം. സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആണ് റിപ്പോർട്ട് ആവശ്യപ്പെടുക. ബാലരാമപുരം ജംഗ്ഷനിലെ വിഴിഞ്ഞം റോഡിലായി കഴിഞ്ഞ മൂന്നാം തീയതി സംഘടിപ്പിച്ച ജ്വാല വനിതാ ജംഗ്ഷൻ പരിപാടിക്ക് റോഡ് കയ്യേറി സ്റ്റേജ് കെട്ടി ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും പരിപാടി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന പരാതിയിലാണ് ഈ നടപടി. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് പൊതുപ്രവർത്തകനായ അഡ്വക്കേറ്റ് കുളത്തൂർ ജയ്സിംഗ് പരാതി നൽകിയിരുന്നു. ഇത് ചീഫ് സെക്രട്ടറി ആഭ്യന്തരവകുപ്പിന് കൈമാറി

ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച വനിതാശാക്തീകരണ പരിപാടിക്ക് വേണ്ടിയാണ് വെള്ളിയാഴ്ച വൈകിട്ടോടെ റോഡിൽ വേദിയൊരുക്കിയത്. വിഴിഞ്ഞം റോഡിൽ പകുതി ഭാഗം കൈയ്യേറി സ്റ്റേജ് കെട്ടിയതിന് പുറമേ റോഡിന് എതിർവശത്ത് നടപ്പാത വരെ കസേരകൾ ഇട്ടതോടെ കാൽ നട യാത്രക്കാരടക്കമുള്ള സകലരും കുടുങ്ങി. പൊതുവേ ഗതാഗതക്കുരുക്കുള്ള ജംഗ്ഷനിൽ ഓഫീസ് -സ്കൂൾ വാഹനങ്ങളും എത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

ആഴ്ചകൾക്കു മുൻപ് സിപിഎം പാളയം ഏരിയ സമ്മേളനത്തിന്‍റെ സമാപന യോഗത്തിന് വഞ്ചിയൂരിൽ റോഡ് അടച്ച് സ്റ്റേജ് കെട്ടിയത് വിവാദമാകുകയും സിപിഎം പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പൊലീസിന് കേസെടുക്കുകയും ചെയ്തിരുന്നു. സമാനമായ സംഭവമാണ് ബാലരാമപുരം ജങ്ഷനിലും അരങ്ങേറിയതെങ്കിലും പരിപാടി ഉദ്ഘാടനം ചെയ്തത് റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ ഐപിഎസ് ആയിരുന്നതിനാൽ തന്നെ ഇതേവരെ കേസെടുക്കേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് പരാതി എത്തിയത്.

റോഡ് കയ്യേറി സ്റ്റേജ് കെട്ടുകയോ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയോ ഗതാഗത തടസം ഉണ്ടാക്കുകയോ ചെയ്യരുതെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ് പാലിക്കേണ്ട ജില്ലാ പൊലീസ് മേധാവി തന്നെ നിയമ ലംഘനം നടത്തിയ പരിപാടിയിൽ ഉദ്ഘാടകനായത് കോടതി വിധിയോടുള്ള വെല്ലുവിളിയെന്ന് പരാതിയിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എസ്പിക്ക് എതിരെ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

CONTENT HIGHLIGHT: Encroached the road and built a stage