Thiruvananthapuram

ഇഴപിരിയാതെ ചേരും എഴുത്തും തൊഴിലും

പുതിയ എഴുത്തുകാർക്ക് എഴുത്തും തൊഴിലും സംഘർഷഭൂമിയല്ലെന്നും രണ്ടും ഒരുപോലെ കൊണ്ടുപോകാനാകുമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു. “എഴുത്തും തൊഴിലും ഇഴചേരുമ്പോൾ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എഴുത്തുകാരായ പ്രതാപൻ, സുഭാഷ് ഒട്ടുംപുറം, ധനുജ കുമാരി, ഇളവൂർ ശശി, റാസി എന്നിവർ പങ്കെടുത്തു.

എഴുത്ത് തൊഴിലിനെ ബാധിക്കുന്നില്ലെങ്കിലും എഴുത്തുപയോഗിച്ച് ജീവിതം തെളിച്ചമുള്ളതാക്കിയെന്ന് ഇവർക്ക് അഭിപ്രായമുണ്ട്. ചെങ്കൽചൂള എന്ന പേര് പരിഹാസത്തോടെ പറഞ്ഞവരെകൊണ്ട് അഭിമാനത്തോടെ പറയിപ്പിക്കാനാണ് എഴുത്ത് തുടങ്ങിയതെന്ന് ധനുജ കുമാരി പറഞ്ഞു. ചെങ്കൽചൂളയിലെ കുട്ടികൾ പഠിച്ചിരുന്ന സ്കൂളിന് അലപ്പറ സ്കൂൾ എന്ന ഇരട്ടപ്പേരുണ്ടായിരുന്നു. അച്ചടക്കമില്ലാത്ത കുട്ടികൾ എന്ന അർത്ഥത്തിൽ പരിഹസിക്കപ്പെട്ടിരുന്നു. അവിടെ താമസിച്ചിരുന്നവർക്ക് ജാതീയതകൊണ്ട് വിദ്യാഭ്യാസം നഷ്ടപ്പെട്ടിരുന്നു. എന്നാൽ തന്റെ എഴുത്ത് കൊണ്ട് മാറ്റം കൊണ്ടുവരാനായി. തന്റെ പുസ്തകം ഇറങ്ങിയതോടെ ധാരാളം പേർ ചെങ്കൽചൂള കാണാൻ വരുന്നതിന്റെ സന്തോഷവും ധനുജ കുമാരി പ്രകടിപ്പിച്ചു.

ബാറിലെ ജീവിതങ്ങളെ പറ്റി എഴുതി പ്രശസ്തി നേടിയ പ്രതാപൻ വിലാസമില്ലാത്ത മനുഷ്യരുടെ ഇടത്താവളമാണ് ബാറുകളെന്നാണ് വിശേഷിപ്പിച്ചത്. തന്റെ നോവലിലെ തോട്ടിപ്പണി ചെയ്യുന്ന കഥാപാത്രം ഉച്ചയ്ക്ക് പണി കഴിഞ്ഞ് അത്തർ പൂശി ബാറിൽ വന്ന് പ്രമുഖരോടൊപ്പം മദ്യപിക്കുന്നത് ഉയർച്ചതാഴ്ചകളോ ജാതിമതഭേദമോ ഇല്ലാത്ത ലോകമാണ് ബാറെന്ന് കാണിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മകൾക്ക് കഥകേൾക്കാനുള്ള ആഗ്രഹമാണ് കുട്ടികൾക്ക് വേണ്ടിയുള്ള കഥകൾ എഴുതാൻ കാരണമായതെന്ന് സുഭാഷ് ഒട്ടുംപുറം പറഞ്ഞു. തനിക്ക് നാടിനോടുള്ള സ്നേഹം കൊണ്ടാകാം തന്റെ ആദ്യകാല രചനകളിൽ തദ്ദേശീയത കൂടുതലായി കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനുഷ്യമനസ്സിന്റെ അഗാധതയെ തൊടുന്ന കഥകളോടാണ് താത്പര്യമെന്ന് ഇളവൂർ ശശിയും എല്ലാവർക്കും എഴുതാൻ കഴിയുന്നതിൽനിന്നും വ്യത്യസ്തമായി എഴുതാനാണ് ശ്രമിക്കേണ്ടതെന്ന് റാസിയും അഭിപ്രായപ്പെട്ടു.

CONTENT HIGH LIGHTS; Writing and work go hand in hand, NIYAMASABHA INTER NATIONAL BOOK FEST

Latest News