Kerala

‘എക്സൈസിന് തെറ്റുപറ്റിയെന്ന് പാർട്ടിക്ക് അഭിപ്രായമില്ല; അമ്മ എന്ന നിലയിൽ ഒരു സ്ത്രീയുടെ വികാരമാണ് അവർ പ്രകടിപ്പിച്ചത്’; യു പ്രതിഭയും മന്ത്രി സജി ചെറിയാനും പറഞ്ഞത് പാടെ തള്ളി ആ‍ർ നാസ‍ർ | r nasser about u prathibha son case

എംഎൽഎ മാത്രമല്ല യു പ്രതിഭ ഒരു അമ്മയുമാണ്

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ എക്സൈസ് കേസെടുത്ത നടപടിയിൽ വേറിട്ട ശബ്ദവുമായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആ‍ർ നാസ‍ർ. എക്സൈസ് കേസെടുത്തത് അന്വേഷിച്ച ശേഷമാണെന്നും എക്സൈസിന് തെറ്റുപറ്റിയെന്ന് പാർട്ടിക്ക് അഭിപ്രായമില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. യു പ്രതിഭയും മന്ത്രി സജി ചെറിയാനും പറഞ്ഞ നിലപാട് പാടെ തള്ളിയാണ് നാസ‍ർ സംസാരിച്ചത്. എക്സൈസിനെതിരെ പ്രതിഭ പറയുന്നത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

എംഎൽഎ മാത്രമല്ല യു പ്രതിഭ ഒരു അമ്മയുമാണ്. മകൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. അമ്മ എന്ന നിലയിൽ ഒരു സ്ത്രീയുടെ വികാരമാണ് അവർ പ്രകടിപ്പിച്ചത്. ഡെപ്യൂട്ടി കമ്മീഷണറെ പ്രതികാര നടപടിയുടെ ഭാഗമായി സ്ഥലംമാറ്റി എന്നത് അടിസ്ഥാന രഹിതമാണെന്നും ആ‍ർ നാസർ വ്യക്തമാക്കി. നേരത്തെ എംഎൽഎ യു പ്രതിഭയും മന്ത്രി സജി ചെറിയാനും വിഷയത്തിൽ എക്സൈസിനെതിരെ രം​ഗത്ത് വന്നിരുന്നു.

കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റടുക്കും എന്നത് അജണ്ടയിൽ ഇല്ലെന്നും ആ‍ർ നാസർ പ്രതികരിച്ചു. ഇപ്പോഴത് എൻസിപിയുടെ സീറ്റാണ്. അത് പാർട്ടി ഏറ്റെടുക്കുന്നതിനെപ്പറ്റി ആലോചന ഉണ്ടായിട്ടില്ല. എൻസിപിയ്ക്ക് കുട്ടനാട്ടിൽ എത്രവോട്ട് ഉണ്ടെന്ന് ചോദിച്ച നാസർ അവിടെ ജയിപ്പിക്കുന്നത് സിപിഐഎം ആണെന്നും വ്യക്തമാക്കി. ഘടകകക്ഷിയെ ജയിപ്പിക്കേണ്ടത് പാർട്ടിയുടെ കടമയാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

കായംകുളത്ത് പാർട്ടി വിട്ട് ബിജെപിയിൽ പോയവർ തെറ്റ് തിരുത്താൻ തയ്യാറാവാത്തവരാണെന്നും ആ‍ർ നാസർ വ്യക്തമാക്കി. കായംകുളത്ത് ഒരാൾ മാത്രമേ പാർട്ടി വിട്ട് പോയിട്ടുള്ളൂ. ബിപിൻ സി ബാബു ജില്ലാ പഞ്ചായത്ത്‌ അംഗത്വം രാജിവെക്കാത്തത് അന്തസ് ഇല്ലാത്തതുകൊണ്ടാണെന്നും ആ‍ർ നാസർ പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിയുടെയും സംഘപരിവാറിൻ്റെയും രൂപത്തിൽ ആലപ്പുഴ ജില്ലയിൽ വർ​ഗീയത വളരുന്നുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരന് കേരളത്തിൽ വലിയ അം​ഗീകാരം ഉണ്ടെന്നും ആർ നാസർ അഭിപ്രായപ്പെട്ടു. അദ്ദേഹം നല്ലൊരു കമ്മ്യൂണിസ്റ്റാണ്. ആ ജനപിന്തുണ ഉണ്ട്. 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ഒഴിവാക്കിയത്. ഇത്തവണയും 75 കഴിഞ്ഞവരെ ഒഴിവാക്കും. ജി സുധാകരൻ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും സെമിനാർ ഉദ്ഘാടനം ചെയ്യുമെന്നും ജി സുധാകരൻ വ്യക്തമാക്കി.

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ജനുവരി 10,11,12 തീയതികളിൽ ഹരിപ്പാട് നടക്കുമെന്നും ആർ നാസർ അറിയിച്ചു. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ മൂന്ന് ദിവസം മുഖ്യമന്ത്രി പങ്കെടുക്കും. സമ്മേളനത്തിൽ 407 പ്രതിനിധികൾ പങ്കെടുക്കുമെന്നും ആ‍ർ നാസർ വ്യക്തമാക്കി.

CONTENT HIGHLIGHT: r nasser about u prathibha son case