India

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വിസാ കാലാവധി നീട്ടി നൽകി ഇന്ത്യ | india extends ex bangladesh pm sheikh hasinas visa

വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 2023 ആഗസ്റ്റ് അഞ്ചിനാണ് ശൈഖ് ഹസീന ഇന്ത്യയിലെത്തിയത്

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വിസാ കാലാവധി നീട്ടി നൽകി ഇന്ത്യ. മുൻ പ്രധാനമന്ത്രിയുടെ പാസ്‌പോർട്ട് റദ്ദാക്കിയ ബംഗ്ലാദേശ് ഈ ആഴ്ച ആദ്യത്തിൽ ഹസീനക്കെതിരെ രണ്ടാമത്തെ അറസ്റ്റ് വാറണ്ടും പുറത്തിറക്കിയിരുന്നു.

ഹസീനയെ വിട്ടുനൽകാൻ ബംഗ്ലാദേശ് സമ്മർദം ശക്തമാക്കുന്നതിനിടെയാണ് ഇന്ത്യ വിസ നീട്ടി നൽകിയത്. അതേസമയം ശൈഖ് ഹസീനക്ക് അഭയം നൽകിയെന്ന റിപ്പോർട്ടുകൾ അധികൃതർ തള്ളി. അഭയാർഥികളെ കൈകാര്യം ചെയ്യുന്നതിലും അഭയം നൽകുന്നതിലും രാജ്യത്ത് പ്രത്യേക നിയമമില്ല. നിയമപരമായ ബാധ്യതകൾ, നയതന്ത്ര ബന്ധങ്ങൾ, മാനുഷിക പരിഗണന തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് അഭയം തേടിയവരെ തിരിച്ചയക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 2023 ആഗസ്റ്റ് അഞ്ചിനാണ് ശൈഖ് ഹസീന ഇന്ത്യയിലെത്തിയത്. 16 വർഷം ബംഗ്ലാദേശ് ഭരിച്ച ശൈഖ് ഹസീനക്കെതിരെ കേസുകൾ നിലവിലുണ്ട്. വിചാരണക്കായി ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

ഈ വർഷം ജനുവരി ആറിനാണ് ബംഗ്ലാദേശ് കോടതി ശൈഖ് ഹസീനക്കെതിരെ രണ്ടാമത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹസീനയുടെ ഭരണകാലത്ത് സുരക്ഷാ സേന കസ്റ്റഡിയിലെത്ത് രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച 500ൽ അധികം പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. ഹസീനയുടെ സൈനിക ഉപദേഷ്ടാവ്, സൈനിക ഉദ്യോഗസ്ഥർ അടക്കം മറ്റു 11 പേർക്കെതിരെയും വാറണ്ട് നിലവിലുണ്ട്.

CONTENT HIGHLIGHT: india extends ex bangladesh pm sheikh hasinas visa