India

ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചത് ഇഷ്ടമായില്ല; വിവാഹസദ്യയിൽ വിഷം കലര്‍ത്തി നവവധുവിന്റെ അമ്മാവന്‍ | man mixed poison on niece wedding party

വിവാഹസല്‍ക്കാരത്തിനെത്തിയ ആരും വിഷംകലര്‍ത്തിയ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു

മുംബൈ: വിവാഹസല്‍ക്കാരത്തിനിടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നവവധുവിന്റെ അമ്മാവനായ മഹേഷ് പാട്ടീലാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. ഇയാള്‍ക്കെതിരേ കേസെടുത്തതായും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ കോലാപുരിലെ ഉത്രെ ഗ്രാമത്തിലാണ് വിവാഹസദ്യയ്ക്കായി തയ്യാറാക്കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. മഹേഷ് പാട്ടീലിന്റെ സഹോദരിയുടെ മകളുടെ വിവാഹസല്‍ക്കാരമായിരുന്നു ചൊവ്വാഴ്ച നടന്നത്. എന്നാല്‍, യുവതി പ്രണയിച്ചയാള്‍ക്കൊപ്പം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിനാല്‍ മഹേഷ് ഈ വിവാഹത്തെ എതിര്‍ത്തിരുന്നു. ഇതിന്റെ പകയിലാണ് ചൊവ്വാഴ്ച നടന്ന വിവാഹസല്‍ക്കാരത്തിനിടെ ക്ഷണിക്കാതെയെത്തിയ മഹേഷ് അതിഥികള്‍ക്കായി തയ്യാറാക്കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്.

ഉത്രെ ഗ്രാമത്തിലെ ഒരു ഹാളിലായിരുന്നു വിവാഹസല്‍ക്കാരം. മഹേഷ് ഭക്ഷണത്തില്‍ എന്തോ കലര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മറ്റുള്ളവര്‍ ഇയാളെ തടയാന്‍ ശ്രമിച്ചു. ഇയാളെ കീഴ്‌പ്പെടുത്തിയെങ്കിലും പിന്നാലെ പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

വിവാഹസല്‍ക്കാരത്തിനെത്തിയ ആരും വിഷംകലര്‍ത്തിയ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു.