സൗദിയിലെ ടൂറിസം കേന്ദ്രമായ അബഹയിലെ അൽസുദ പർവതനിരയിൽ നടന്ന വാഹനാപകടത്തിൽ ഇടുക്കി സ്വദേശികളായ ദമ്പതിമാർക്ക് പരിക്ക്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ബുറൈദയിലെ സുലൈമാൻ അൽഹബീബ് ആശുപത്രി ജീവനക്കാരൻ അനീഷ് ജോർജ്, കിങ് ഫഹദ് ആശുപത്രിയിൽ ഐ.സി.യു സ്റ്റാഫ് നഴ്സ് അബി മോൾ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരുടെ വാഹനം പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ഇവരെ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ അബഹയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ദമ്പതികൾ വ്യാഴാഴ്ചയാണ് അസീർ മേഖലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ബുറൈദയിൽനിന്ന് പുറപ്പെട്ടിരുന്നത്. വിവരം അറിഞ്ഞ അബഹയിലെ സാമൂഹികപ്രവർത്തകനും അസീർ പ്രവാസിസംഘം നേതാവുമായ സന്തോഷ് കൈരളി ആശുപത്രിയിൽ എത്തുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.
STORY HIGHLIGHT: malayali couple injured in an accident