ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വീസ കാലാവധി ഇന്ത്യ നീട്ടി. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലദേശിലെ ഇടക്കാല സർക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യ വീസ കാലാവധി നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യത്തു പടർന്നുപിടിച്ച പ്രക്ഷോഭത്തെത്തുടർന്നാണ് ഹസീന രാജ്യം വിട്ടത്.
കനത്ത സുരക്ഷയിൽ ഡൽഹിയിലെ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീന ഉള്ളതെന്നാണ് വിവരം. ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയെന്ന വാർത്തകൾ കേന്ദ്രം തള്ളിയതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീസ നീട്ടി നൽകുന്നത് ഹസീനയ്ക്ക് നൽകുന്ന അഭയാർഥി പരിരക്ഷയാണെന്നു കരുതേണ്ടതില്ലെന്നും പറയുന്നു.
ഈയാഴ്ച ആദ്യം ഹസീനയുടെയും മറ്റ് 96 പേരുടെയും പാസ്പോർട്ടുകൾ സർക്കാർ റദ്ദാക്കിയിരുന്നു. കൂടാതെ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഹസീനയെ വിട്ടുതരണമെന്ന് ഡിസംബർ 23ന് ഔദ്യോഗികമായി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. 2024ലുണ്ടായ പ്രക്ഷോഭം അക്രമാസക്തമായതിനു പിന്നിലും നിരവധിപ്പേരെ കാണാതായതിനു പിന്നിലും നിരവധിപ്പേരെ കാണാതായതിനു പിന്നിലും ഹസീനയ്ക്കു പങ്കുണ്ടെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് ബംഗ്ലദേശ് അന്ന് ആവശ്യപ്പെട്ടത്.
STORY HIGHLIGHT: sheikh hasina visa extension