Kerala

അക്ഷരങ്ങള്‍ നിറഞ്ഞ പുസ്തകങ്ങളുടെ കൂട്ടുകാര്‍ ആകാം; ശോഭനമായ ഭാവി കണ്ടറിഞ്ഞ് പഠിക്കാം, പുസ്തകോത്സവം വിദ്യാര്‍ത്ഥികല്‍ക്ക് പകരുന്ന പാഠം ഇതാണ്

അക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ പുസ്തകമാലകള്‍ ഒരു വിദ്യാര്‍ത്ഥിക്ക് പകര്‍ന്നു നല്‍കുന്നത് ശോഭന ഭാവിയാണ്. അവര്‍ വായിച്ചു വളര്‍ന്നു നേടുന്നത് അക്ഷരങ്ങളുടെ പിന്‍ബലത്തില്‍ കിട്ടുന്ന അനുഭവ സമ്പത്താണ്. ഭാവി കാലത്തില്‍ ഞാനൊരു പരാജിതനാകരുതെന്ന് ചിന്തയുണ്ടെങ്കില്‍ ഏതൊരു വിദ്യാര്‍ത്ഥിക്കും പുസ്തകങ്ങളോടൊപ്പം കൂട്ടുകൂടിയാല്‍ മതി. വിജ്ഞാനവും കൗതുകവും വിനോദവും മാനുഷിക ബന്ധങ്ങളുടെ മൂല്യങ്ങളും അവര്‍ക്ക് പുസ്തക താളുകളിലൂടെ മനസ്സിലാക്കാം.

വായനയോടൊപ്പം അതീവ ശ്രേഷ്ഠമായി കാണേണ്ട ഒന്നുതന്നെയാണ് മികച്ച പ്രഭാഷണങ്ങളെ ശ്രവിക്കുക എന്നതും. അത്തരത്തില്‍ മനോഹരമായ ഒരു തത്സമയ സംവാദം മൂന്നാമത് നിയമസഭ പുസ്തകോത്സവത്തിന്റെ രണ്ടാം ദിനം നടന്നു. വേദി മൂന്നില്‍ ‘കുട്ടികളും മനസ്സും’ എന്ന വിഷയത്തില്‍ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് എസ്. സുരേഷ് കുമാര്‍ നയിച്ച പാരസ്പര്യ പ്രഭാഷണ സെഷനില്‍ കുട്ടികളുടെ ചില ഉറച്ച നിശ്ചയദാര്‍ഢ്യ വാക്കുകള്‍ സദസ്സിന്റെ കൈയ്യടി നേടിയെടുത്തു. ഇത്തവണത്തെ നിയമസഭ പുസ്തകോത്സവത്തിലെ വ്യത്യസ്തമായ ഒരു ആശയമാണ് സ്റ്റുഡന്‍സ് കോര്‍ണര്‍. വേദി മൂന്ന് തികച്ചും വിദ്യാര്‍ഥികള്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. അവിടെ ഉയരുന്ന ചിന്തകളും, സ്വപ്‌നങ്ങളും, വാക്കുകളും അത്ഭുതപ്പെടുത്തുന്നവയാണ്.

രണ്ടാം ദിനം വൈകിട്ട് നടന്ന ‘കുട്ടികളും മനസ്സും’ എന്ന സെഷന്‍ ചിന്തിപ്പിക്കുന്നതും അതുപോലെ ഏവര്‍ക്കും മാതൃകയാക്കാവുന്നതുമായി മാറി. സെഷന്‍ നയിച്ച എസ്. സുരേഷ് കുമാര്‍ വാക്കുകള്‍ കൊണ്ടും തന്റെ അനുഭവ സമ്പത്ത് പകര്‍ന്നും സദസിലുള്ള കുട്ടികളെയും രക്ഷകര്‍ത്താക്കളെയും കൈയ്യിലെടുത്തു. ഒരു വിദ്യാര്‍ത്ഥിയോട് ഭാവിയില്‍ നിനക്ക് ആരാകണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് നിങ്ങളുടെ പഠനകാലത്ത് തന്നെയാണ്. ജയിക്കുവാന്‍ വേണ്ടി പഠിക്കാതെ ഭാവിയില്‍ താന്‍ എത്തിപ്പെടുന്ന ലക്ഷ്യം സ്ഥാനം കണ്ടെത്തി അതിനു വളം നല്‍കി പഠനം പൂര്‍ത്തിയാക്കിയാല്‍ പിന്നെ ആ വിദ്യാര്‍ത്ഥിക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല. വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോള്‍ സുരേഷ് കുമാര്‍ ഇത്തരം കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു നല്‍കി. ഒട്ടും സങ്കുചമില്ലാതെ എനിക്ക് ഈ മേഖലയില്‍ എത്തണം, കുട്ടിക്കാലം മുതല്‍ ഇഷ്ടപ്പെട്ട ഈ മേഖല തെരഞ്ഞെടുക്കണം എന്ന വാക്യം വേദിയില്‍ വച്ച് ഒന്നിലധികം കുരുന്നുകള്‍ മനസ്സ് നിറഞ്ഞ് പറഞ്ഞു, അതും നിറഞ്ഞ സദസ്സിനു മുന്നില്‍.

കുട്ടികളെ ഒരിക്കലും അവരുടെ ക്ലാസുകളില്‍ വച്ച് അധ്യാപകര്‍ കളിയാക്കരുതെന്ന കാര്യം സംവാദകന്‍ പറഞ്ഞപ്പോള്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഞങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് ചില കുട്ടികള്‍ സാക്ഷ്യപ്പെടുത്തി. അതൊരിക്കലും പാടില്ലെന്നും, കുട്ടികളെ അത്തരം കാര്യങ്ങള്‍ മറ്റുള്ള സഹപാഠികളുടെ മുന്നില്‍ വച്ച് പറയുമ്പോള്‍ അല്ലെങ്കില്‍ കളിയാക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മനോവിഷമം വലുതാണ്. സദസ്സില്‍ ഉണ്ടായിരുന്ന മാതാപിതാക്കളോടും തന്റെ കുട്ടിയെ അനാവശ്യമായി ശാസിക്കരുതെന്നും ഏതുനേരവും വഴക്കു പറയരുതെന്നും പറഞ്ഞു. അവന് നമ്മള്‍ നല്‍കുന്ന ഒരു ചെറിയ പിന്തുണയുടെ ഫലം വലുതായിരിക്കും.

പഠന കാര്യത്തില്‍ ഓരോ വിദ്യാര്‍ത്ഥിയും ഓരോ തരക്കാരാണ്. ഐക്യു നോക്കിയുള്ള പഠനത്തിനല്ല മുന്‍തൂക്കം നല്‍കേണ്ടത് പകരം ഈ.ക്യൂ ആണ് മുഖ്യം. 100 മീറ്റര്‍ വേഗത്തില്‍ ഓടിയെത്തുന്നവനും 42 കിലോമീറ്റര്‍ മാരത്തോണില്‍ വിജയിക്കുന്നവനും ലഭിക്കുന്ന സമ്മാനം ഒന്നുതന്നെയാണ്. ചിലര്‍ക്ക് വേഗത്തില്‍ മനസ്സിലാകും ചിലര്‍ക്ക് പതിയെ മനസ്സിലാകു, എന്നാല്‍ എല്ലാവരും ജയിച്ചു കേറും. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഒരുക്കിയ സ്റ്റുഡന്‍ഡ് കോര്‍ണറിലെ രണ്ടാം ദിന കാഴ്ചകള്‍ ശരിക്കും വിജയം കണ്ടെത്തിയെന്നതിന്റെ സൂചനയായിരുന്നു നിറഞ്ഞ സദസില്‍ അരങ്ങേറിയ പരിപാടികള്‍. കുട്ടികളുടെ പുസ്തക പ്രകാശനവും, പ്രഭാഷണങ്ങളും, കുട്ടികള്‍ക്കു വേണ്ടി പ്രഭാഷണവും, മാജിക് ഷോയും, പപ്പറ്റ് ഷോ ഉള്‍പ്പടെ നടത്തിയവരുടെ പ്രകടനങ്ങള്‍ രണ്ടാം ദിനവും മികച്ചു നിന്നു.