Kerala

മൂന്നാമത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്‌സവം; ആറ് പുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്‌സവത്തിൽ ആറ് പുസ്തകങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പുത്തലത്ത് ദിനേശൻ രചിച്ച് ഇൻസൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച വെള്ളത്തിൽ മീനുകളെന്നപോൽ, പഴമയുടെ പുതുവായനകൾ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, സ്മരണകൾ സമരായുധങ്ങൾ എന്നീ നാലു പുസ്തകങ്ങളും കെ ഇ ഇസ്മായിൽ രചിച്ച് പ്രഭാത്ബുക്ക്സ് പ്രസിദ്ധീകരിച്ച നിയമസഭയിലെ കെ ഇ യും ഡോ സാവിത്രി നാരായണൻ രചിച്ച് സമത പ്രസിദ്ധീകരിച്ച ജീവിതസാഗരവുമാണ് മുഖ്യമന്ത്രി പ്രകാശനം ചെയ്തത്. മലയാള സാംസ്‌കാരിക സാമൂഹിക ഭൂമികയ്ക്ക് മുതൽക്കൂട്ടാണ് ഈ രചനകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വെള്ളത്തിൽ മീനുകളെന്ന പോൽ വി. ജോയി എം. എൽ. എയും, പഴമയുടെ പുതുവായനകൾ വി.കെ. സനോജും, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും ബദറുന്നിസയും, സ്മരണകൾ സമരായുധങ്ങൾ അനുശ്രീയും മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ഭൂതകാലത്തേയും വർത്തമാനകാലത്തേയും ഭാവിയേയും കോർത്തിണക്കിയ പുത്തലത്ത് ദിനേശന്റെ രചനകൾ കേരളം ശ്രദ്ധയോടെ വായിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം. വി. ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു.

നിയമസഭയിലെ കെ.ഇ. എന്ന പുസ്തകം ബിനോയ് വിശ്വം ഏറ്റുവാങ്ങി. ഡോ. സാവിത്രി നാരായണന്റെ ഓർമക്കുറിപ്പായ ജീവിതസാഗരം ഡോ. ബി. സന്തോഷ്, ഡോ. എ. ബിജുകുമാർ, അനീഷ അനി ബെനഡിക്ട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സി ദിവാകരൻ, പ്രൊഫ. എം ചന്ദ്രബാബു, ഡോ വള്ളിക്കാവ് മോഹൻദാസ്, ഉഷാകുമാരി, ടി ജി അജിത തുടങ്ങിയവർ പങ്കെടുത്തു.